തെരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍; രാമജന്മഭൂമി ന്യാസിന് സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയം സജീവമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ക്ഷേത്ര നിര്‍മ്മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രാമജന്മഭൂമി ന്യാസിന് സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമി വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തല്‍സ്ഥിതി തുടരണമെന്ന സുപ്രീം കോടതി.

ഉത്തരവ് തിരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഘ് പരിവാര്‍-ഹിന്ദുത്വ സംഘടനകളില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിത്യസ്ത നീക്കവുമായി രംഗത്തു വന്നിരിക്കുന്നത്.

2.77 ഏക്കര്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ തീരുമാനമാകാതെ നീളുന്ന സാഹചര്യത്തിലുമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

തര്‍ക്ക ഭൂമിയും ചുറ്റിലും അവശേഷിക്കുന്ന 67 ഏക്കര്‍ ഭൂമിയും 1993ല്‍ പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ഇതില്‍ 2.77 ഒഴികെയുള്ള ഭൂമി രാമജന്മഭൂമി ന്യാസിന് വിട്ട് നല്‍കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

തര്‍ക്ക ഭൂമിക്ക് ചുറ്റിലുമുള്ള 67 ഏക്കര്‍ പ്രശ്നബാധിതമല്ലാത്ത ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടു നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.

കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയിലും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും തല്‍സ്ഥിതി തുടരണമെന്നും 2003ല്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഹര്‍ജി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ്മാരായ എസ് എ ബോബ്‌ഡേ, ഡി. വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരുടെ അഞ്ചംഗ ബെഞ്ചാണ് അയോദ്ധ്യ കേസ് പരിഗണിക്കുന്നത്.

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട 67 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ട് നല്‍കാന്‍ 2003ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അന്ന് കേന്ദ്രത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

അതിന് തടയിട്ട ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് മറികടക്കാനാണ് മറ്റൊരു പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കേന്ദ്രത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീണ്ടും ശ്രമിക്കുന്നത്.

രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെടുന്ന സംഘപരിവാര്‍ സംഘടനകളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്നും 2019 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം ഹര്‍ജി ഫയല്‍ ചെയ്തതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News