രാഹുല്‍ ഗാന്ധി പങ്കെടുത്ത കൊച്ചിയിലെ പൊതുപരിപാടിക്കിടെ, കൂക്കിവിളി; അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് സ്വന്തം പ്രവര്‍ത്തകര്‍ തന്നെ

കൊച്ചി: രാഹുല്‍ ഗാന്ധി പങ്കെടുത്ത കൊച്ചിയിലെ പൊതുപരിപാടി പ്രവര്‍ത്തകര്‍ത്തന്നെ അലങ്കോലമാക്കി.രാഹുലിന്‍റെ പ്രസംഗം കേള്‍ക്കാനെത്തിയവരില്‍ ചിലര്‍ക്ക് ഇരിപ്പിടം കിട്ടാത്തപ്പോ‍ഴായിരുന്നു കൂക്കിവിളി പ്രതിഷേധം ഉണ്ടായത്.

അതേ സമയം രാഹുലിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ വി ഡി സതീശന്‍ എം എല്‍ എ യ്ക്ക് പി‍ഴവ് സംഭവിച്ചു.ശരിയായി കേള്‍ക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു സതീശന്‍റെ വിശദീകരണം.

കോണ്‍ഗ്രസിന്‍റെ നേതൃസംഗമം പരിപാടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനായി മറൈന്‍ ഡ്രൈവിലെത്തിയവരാണ് തങ്ങള്‍ക്കിരിക്കാന്‍ സീറ്റില്ലെന്നറിഞ്ഞ് കോലാഹലമുണ്ടാക്കിയത്. ഉന്തിനും തള്ളിനും പുറമെ ഉച്ചത്തില്‍ കൂവിക്കൊണ്ട് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

അരമണിക്കൂറോളം വൈകിയാണ് വേദിയിലേക്ക് രാഹുല്‍ ഗാന്ധി എത്തിയത്. കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോ‍ഴും പ്രതിഷേധം തുടരുന്നുണ്ടായിരുന്നു.

അടുത്തത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗമായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന പ്രവര്‍ത്തകരെ മറ്റ് നേതാക്കളുടെ പ്രസംഗം കൂടുതല്‍ അക്ഷമരാക്കി.വേദിയില്‍ രാഹുല്‍ ഗാന്ധിയുണ്ടെന്ന് ഒരു ഘട്ടത്തില്‍ കൊടിക്കുന്നില്‍ സുരേഷിന് ഓര്‍മ്മിപ്പിക്കേണ്ടിയും വന്നു.

ഇതിനിടെ വയലാര്‍ രവിയെ പ്രസംഗിക്കാനായി ക്ഷണിച്ചെങ്കിലും സാഹചര്യം മനസ്സിലാക്കി അദ്ദേഹം പ്രസംഗിക്കുന്നില്ലെന്ന് തീരുമാനിച്ചു. ഒടുവില്‍ പ്രവര്‍ത്തകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങി.എന്നാല്‍ പരിഭാഷപ്പെടുത്തിയ വി ഡി സതീശന്‍ എം എല്‍ എ യ്ക്കാകട്ടെ പലതവണ പി‍ഴവ് സംഭവിച്ചു.

ശരിയായി കേള്‍ക്കാന്‍ ക‍ഴിയാത്ത പ്രശ്നമാണെന്ന് എം എല്‍ എ അറിയിച്ചപ്പോള്‍ തന്‍റെ അടുത്തേക്ക് വിളിപ്പിച്ച് രാഹുല്‍ പ്രസംഗം തുടർന്നപ്പോ‍ഴും വീണ്ടും കേള്‍വി പ്രശ്നം.

ഇതോടെ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൂകി വിളിക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു.ഒടുവില്‍
“വി ഡി സതീശന്‍ ഗംഭീരമായാണ് തന്‍റെ പ്രസംഗം തര്‍ജ്ജമ ചെയ്തത്” എന്ന് പറഞ്ഞ്,രാഹുല്‍ പ്രസംഗം അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here