ചാര്‍ജര്‍ ഉപയോഗിക്കാതെ വൈഫൈ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യയുമായി ഗവേഷകര്‍.

വൈഫൈയില്‍ ഉള്ള എസി വൈദ്യുത കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കി മാറ്റി ചാര്‍ജ് ചെയ്യുന്ന ഉപകരണമാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.

ഇതോടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ബാറ്ററി വേണ്ടെന്നാകും.

റെക്ടെനാസ് എന്നറിയപ്പെടുന്ന ഉപകരണത്തില്‍ രണ്ട് അര്‍ധചാലകങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ ദ്വിമാന ഉപകരണത്തില്‍ ആന്റിന ഘടിപ്പിക്കുന്നതോടെ സമീപത്തുള്ള വൈഫൈ തരംഗങ്ങള്‍ ആന്റിന പിടിച്ചെടുക്കും.

ആന്റിന ഉപയോഗിച്ച് ശേഖരിക്കുന്ന തംരംഗങ്ങളെ ഉപകരണത്തിലെ അര്‍ധചാലകങ്ങളുടെ സഹായത്തോടെ വൈദ്യുതതരംഗങ്ങളാക്കി മാറ്റാനാകും.

ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈദ്യുതി വഴി ബാറ്ററി ഇല്ലാതെ തന്നെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഉപയോഗിച്ചശേഷം ഇവയെ ചുരുട്ടി റോളുകളായി സൂക്ഷിക്കാനും സാധിക്കും.

ഉപകരണം പൂര്‍ണരീതിയില്‍ വികസിപ്പിക്കുന്നതോടെ ഊര്‍ജ്ജതിതിന്റെ ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

വൈഫൈ സിഗ്‌നല്‍ സുഗമമായി ലഭിക്കുന്നിടത്ത് 40 മൈക്രോവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാന്‍ ഉപകരണത്തിന് സാധിക്കും.

മെഡിക്കല്‍ രംഗത്തും ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഉപകരണത്തിന്റെ കാര്യക്ഷമത ഉയര്‍ത്തിയ ശേഷമാകും വിപണിയില്‍ അവതരിപ്പിക്കുക.