തെക്കു കിഴക്കന്‍ ഏഷ്യയില്‍ ‘പഴങ്ങളുടെ രാജാവ്’ എന്ന് അറിയപ്പെടുന്ന ദുരിയനാണ് കഥയിലെ താരം. മലയാളികള്‍ക്ക് അടുത്തകാലത്തായി പരിചിതനാണ് ഈ മുള്ളന്‍ പഴം.

ഫുഡ്ബോളിന്റെ വലിപ്പമുള്ള ഒരു കുഞ്ഞന്‍ ചക്കയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. എന്നാല്‍ വിചാരിക്കുന്നത്ര നിസ്സാരനല്ല ദുരിയാന്‍.

ഇന്തോനേഷ്യയിലെ ടാസ്‌ക്മാനിയയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി ദുരിയാന്‍ പഴത്തിന്റെ വില ചോദിച്ചാല്‍ ആരും ഞെട്ടും. 71000 രൂപയാണ് സൂപ്പര്‍മാക്കറ്റുകാര്‍ ഒരു ദുരിയന്‍ പഴം വിറ്റത്.

2 പഴമാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. രണ്ടും കൂടി 1,42,000 രൂപയ്ക്കാണ് വിറ്റുപോയത്. ദുരിയന്‍ പഴങ്ങളിലെ ‘ജെ ക്യൂന്‍’ എന്ന് അപൂര്‍വ്വ ഇനത്തിനാണീ പൊന്നും വില.

ചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ചാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ദുരിയന്‍ പഴങ്ങള്‍ വില്പ്പനയ്ക്ക് വെച്ചിരുന്നത്.

വില കേട്ടാല്‍ കണ്ണുതള്ളുമെന്ന് മാത്രമല്ല മണത്തു നോക്കിയാല്‍ ആരും മൂക്കു പിടിക്കുകയും ചെയ്യും. ദുരിയാന്റെ രൂക്ഷഗന്ധമാണിതിന് കാരണം.

അല്‍പം മധുരവും, ക്രീമി ടേസ്റ്റുമൊക്കെയുള്ള ദുരിയാന്‍ പഴങ്ങള്‍ മണം സഹിക്ക വയ്യാതെ പലരും കഴിക്കാറില്ല. സ്വര്‍ഗ്ഗത്തെപ്പോലെ സ്വാദിഷ്ഠവും നരകത്തെപ്പോലെ ഗന്ധവും’ഉളള ഫലമെന്നാണ് ദുരിയാനെ വിശേഷിപ്പിക്കാറുള്ളത്.

ദുരിയാന്‍ രുചിച്ചവരില്‍ പലരും ദുരിയാന്റെ സ്വാദിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ് പറയുന്നത്. ചിലര്‍ ചോക്ലേറ്റും ഉളളിയും കലര്‍ന്ന സ്വാദാണ് പഴത്തിനെന്നു പറയാറുണ്ട്.

ബ്രിട്ടീഷ് പരിസ്ഥിതിവാദിയായ ആല്‍ഫ്രഡ് റസ്സല്‍ വാലസ് ദുരിയാന്‍ പഴത്തിന്റെ സ്വാദിനെ വിശേഷിപ്പിച്ചത് ”സ്വാദിഷ്ടമായ ആത്തപ്പഴത്തിനുളളില്‍ സ്വാദും സുഗന്ധവും ഒത്തിണങ്ങിയ ബദാം അങ്ങിങ്ങു നിക്ഷേപിച്ചതു പോലെയാണ് ദുരിയാന്‍…” എന്നാണ്.

‘മുളളുകള്‍ നിറഞ്ഞ പഴം’ എന്നര്‍ത്ഥം വരുന്ന ‘ദുരി’ എന്ന മലയന്‍ പദത്തില്‍ നിന്നാണ് ദുരിയാന്‍’ എന്ന പേരു വന്നത്.

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ സുഗമമായി വളരുന്ന ദുരിയാന്റെ ജനനം ബോര്‍ണിയോ, സുമാത്ര പ്രദേശങ്ങളിലാണ്. മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്റ്, ദക്ഷിണ ഫിലിപ്പീന്‍സ്, ന്യൂഗിനി, ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ദുരിയാന്‍ വളര്‍ത്തുന്നുണ്ട്.

വിശേഷണങ്ങളും ഔഷധഗുണങ്ങളും ഏറെയുള്ള ദുരിയാന്‍ പഴത്തിന് ഈ വിലയത്ര കൂടുതലല്ലെന്ന് വേണം പറയാന്‍.

കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുകൂലമാണെന്നതിനാല്‍ കര്‍ഷകര്‍ക്ക് ദുരിയാന്‍ വാണിജ്യ അടിസ്ഥാനത്തിലും ദുരിയാന്‍ നട്ടു വളര്‍ത്താം.