സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

കൊല്ലം: കേരളത്തിന്റെ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ സാക്ഷര കേരളവും പോകുകയാണ്. ഇതിനെതിരെ ബോധവത്ക്കരണം ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 31ആമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനസൂചികകളില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിയത് യുക്തിചിന്തയും ശാസ്ത്രബോധവും മുറുകെ പിടിച്ചതുകൊണ്ടാണ്. എന്നാല്‍ ഇവിടെയും ഇപ്പോള്‍ ശാസ്ത്രത്തെ ഐതിഹ്യവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

തെളിവ് ആവശ്യപ്പെടാനുള്ള വ്യഗ്രതയാണ് കേരളത്തിന്റെ പ്രത്യേകതയായി കണ്ടിരുന്നത്. നമ്മുടെ പ്രത്യേകതകളായിരുന്ന അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, പരീക്ഷണ വ്യഗ്രത തുടങ്ങിയവയെല്ലാം കൈമോശംവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐതിഹ്യങ്ങളെയും പുരാണകഥാപാത്രങ്ങളെയും ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവുകയാണ്.

രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിക്കാനാണ് അക്കാദമിക് മേഖലയിലുള്ളവര്‍ മത്സരിക്കുന്നത്.

ഇതെല്ലാം അവര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ്. വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തെ യുക്തിരഹിതമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ശാസ്ത്രത്തെക്കൂടി ഹൈന്ദവവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

സാങ്കേതിക പുരോഗതി നേടുന്നതിനൊപ്പം സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്തുക എന്ന കര്‍ത്തവ്യംകൂടി ശാസ്ത്രമേഖലയില്‍ ഉള്ളവര്‍ക്കുണ്ട്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഭരണഘടനയുടെ 42ആം വകുപ്പ് ഭേദഗതിവരുത്തി ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തേണ്ടത് ഇന്ത്യന്‍ പൗരന്റെ കടമയാണ് എന്ന് കൊണ്ടുവന്നത് ഇത്തരം പ്രവണതകളെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ്.

ശാസ്ത്രപുരോഗതി നേടിയ രാജ്യത്തെ ജനങ്ങള്‍വരെ മാന്ത്രികവിദ്യയുടെയും നക്ഷത്രഭാവിയുടെയും പുറകേ പോകുന്നുണ്ട്. കേരളത്തിലും ഇതെല്ലാം വ്യാപകമായിവരുന്നു.

അക്ഷയത്രീതീയ, ബാധ ഒഴിപ്പിക്കല്‍, കമ്പ്യൂട്ടര്‍ ജാതകം, ഓജ ബോര്‍ഡ് തുടങ്ങിയവ വ്യാപകമാകുന്നു. ഇതിനെതിരെ സമൂഹത്തില്‍ ബോധവത്ക്കരണം നടത്താന്‍കൂടി ശാസ്ത്രകോണ്‍ഗ്രസുകള്‍ക്കും മേഖലയിലുള്ളവര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News