പറഞ്ഞ വാക്കിനെ കാറ്റില്‍ പറത്തി കോണ്‍ഗ്രസ്; രാജസ്ഥാനില്‍ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍നിന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍മാറുന്നു. രണ്ടുലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് അധികാരത്തിലേറി രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതയെ പഴിചാരി പ്രഖ്യാപനം നടപ്പാക്കാനാവില്ലെന്ന സമീപനമാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍സഭയുടെയും മറ്റ് കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങളാണ് രാജസ്ഥാനില്‍ നടന്നത്. ബിജെപിക്കെതിരായ കര്‍ഷകരോഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി.

കര്‍ഷകരുടെ ആവശ്യങ്ങളിലൂന്നിയ പ്രചരണമാണ് ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് ഗുണമായത്. മാര്‍ച്ച് ആദ്യവാരം പെരുമാറ്റച്ചട്ടം നിലവില്‍ വരുംമുമ്പ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകവികാരം കോണ്‍ഗ്രസിനെതിരാകും.

കടം എഴുതിതള്ളാന്‍ സമയമെടുക്കുമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വാദം. സഹകരണ ബാങ്കുകളിലുള്‍പ്പെടെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ 18000 കോടി രൂപ ചെലവാകും.

എന്നാല്‍ മൂന്ന് ലക്ഷം കോടിയുടെ കടബാധ്യതയാണ് അധികാരമൊഴിഞ്ഞ ബിജെപി സര്‍ക്കാര്‍ വരുത്തിവച്ചത്. ഇത് പരിശോധിക്കുന്നതിനായി പ്രത്യേകസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News