മോദിയുടെ വരവിന് പിരിച്ച അഞ്ച് കോടിക്ക് കണക്കില്ല; സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലും തിരിമറി; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍; ബിജെപിയില്‍ പുതിയ വിവാദം

തൃശൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം ബിജെപിയില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തി കണക്കില്ലാത്ത പണപ്പിരിവ്.

പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തിടെ നടത്തിയ രണ്ട് കേരള സന്ദർശനത്തിന് ഉൾപ്പെടെ കുറച്ചുവർഷങ്ങളായി നടത്തിയ കോടികളുടെ പണപ്പിരിവാണ് ബിജെപിയിൽ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.

മോഡിയുടെ കേരള സന്ദര്‍ശനത്തിനായി പിരിച്ച കോടികളുടെ തുകയ്ക്ക് കൃത്യമായ കണക്ക് വച്ചിട്ടില്ലെന്നതാണ് വിവാദത്തിന് കാരണം.

മോഡിയുടെ സന്ദർശനത്തിനായി കൊല്ലത്തും തൃശൂരിലുമായി അഞ്ചുകോടി രൂപ പിരിച്ചെടുത്തെന്നാണ് ആരോപണം.

കൊല്ലത്തെ യോഗം കഴിഞ്ഞയുടൻ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം നേതാക്കളുടെ ആവശ്യത്തെ ഔദ്യോഗികപക്ഷം ഗൗനിച്ച് പോലുമില്ല.

തൃശൂരിലെ യോഗത്തിലും വലിയ പണപ്പിരിവാണ് നടത്തിയത്. രണ്ട് സ്ഥലത്തും സംസ്ഥാനത്തെ ബിജെപിയിലെ ഔദ്യോഗിക നേതൃത്വത്തിന് എതിരായാണ് വിമർശം ഉയർന്നത്.

തൃശൂരിൽ മുരളീധരപക്ഷത്ത് നിൽക്കുന്ന ജില്ലാ നേതൃത്വത്തെ പൂർണമായും ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഔദ്യോഗികപക്ഷത്ത് നിൽക്കുന്ന സംസ്ഥാന വക്താവിനും ജനറൽ സെക്രട്ടറിക്കുമായിരുന്നു സംഘാടനച്ചുമതല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉൾപ്പെടെ കണക്കുകൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മുരളീധര വിഭാഗം ദേശീയ നേതൃത്വത്തോടും ആർഎസ‌്എസിനോടും ആവശ്യപ്പെട്ടിരിക്കയാണ്.

ലോ-ക‌്സഭാ തെരഞ്ഞെടുപ്പിൽ ഇനി പണം ആവശ്യപ്പെടില്ലെന്ന് പറഞ്ഞാണ് പലരിൽ നിന്നും വൻ തുക വാങ്ങിയത്. ജില്ലയിൽ നിന്നുള്ള വൻ പ്രവാസി വ്യവസായിയിൽ നിന്നുവരെ അരക്കോടി രൂപ വാങ്ങിയതായി പറയുന്നു.

അതേസമയം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട മുരളീധരപക്ഷത്തെ പ്രതിക്കൂട്ടിൽ കയറ്റിയാണ് ഔദ്യോഗികപക്ഷം ഈ ആരോപണത്തെ നേരിടുന്നത്.

കേന്ദ്രനേതൃത്വം നൽകിയ ആറ് കോടി രൂപ ഉൾപ്പെടെ നിർമാണവുമായി ബന്ധപ്പെട്ട ഒന്നിനും കണക്കില്ലെന്നാണ് ആരോപണം.

മുരളീധരപക്ഷക്കാരനായ സംസ്ഥാന സെക്രട്ടറിക്കാണ് നിർമാണച്ചുമതല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം മത്സരിച്ച വട്ടിയൂർക്കാവ് ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലെ കണക്ക് മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ.

പത്തനംതിട്ട ജില്ലയിൽ ഒരു സംസ്ഥാന ഭാരവാഹി മത്സരിച്ച മണ്ഡലത്തിലെ കണക്ക് അവതരിപ്പിക്കാത്തത് സംബന്ധിച്ച‌് ജില്ലാ ഭാരവാഹി പരാതി അയച്ചിട്ടും നടപടിയായില്ല.

ഇതിനുപുറമെ കോഴിക്കോട്ട‌് നടന്ന ദേശീയ കൗൺസിൽ യോഗത്തിന്റെ കണക്കും അവതരിപ്പിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News