അഭിമന്യു വധക്കേസ്: വിചാരണയുടെ പ്രാരംഭ നടപടികള്‍ക്ക് ഇന്ന് തുടക്കം; കേസിലെ മു‍ഴുവന്‍ പ്രതികളോടും ഹാജരാവാന്‍ എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി

അഭിമന്യു വധക്കേസില്‍ വിചാരണയുടെ പ്രാരംഭ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഇതിന്‍റെ ഭാഗമായി കേസിലെ മു‍ഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ആദ്യം പിടിയിലായ 16 പേരുടെ വിചാരണയ്ക്കുള്ള പ്രാരംഭ നടപടികളാണ് ഇന്ന് തുടങ്ങുക.

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു.

ജെ ഐ മുഹമ്മദ്,ആരിഫ് ബിന്‍ സലീം,റിയാസ് ഹുസൈന്‍ ഉള്‍പ്പടെയുള്ള 16 പ്രതികള്‍ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കൊലക്കുറ്റം, വധശ്രമം, അന്യായമായ സംഘംചേരൽ, ഗൂഢാലോചന, മാരകായുധങ്ങളുപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇവരുടെ വിചാരണ തുടങ്ങുന്നതിന്‍റെ ഭാഗമായി ഇന്ന് നേരിട്ട് ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.

ജാമ്യത്തിൽ കഴിയുന്ന പ്രതികൾക്ക് ഹാജരാകാൻ സമൻസ് നൽകാനും കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കാനുമാണ് കോടതി നിർദേശിച്ചിരുന്നത്.

മു‍ഴുവന്‍ പ്രതികളും ഹാജരായാല്‍ കോടതി തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിക്കും.പ്രതികള്‍ക്ക് പറയാനുള്ളത് കേട്ട ശേഷം വിചാരണ തുടങ്ങുന്ന തിയ്യതി കോടതി പ്രഖ്യാപിക്കും.

16 പ്രതികളെ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ 125 സാക്ഷികളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അഭിമന്യുവിനെ കുത്തിയവരുള്‍പ്പടെ ഏതാനും പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

അവരെ പിടികൂടുന്ന മുറയ്ക്ക് രണ്ടാം ഘട്ട കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

ക‍ഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളേജിന്‍റെ പിൻഗേറ്റിനുസമീപം ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News