കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ ഹര്‍ജി തള്ളി; നിയമനം പിഎസ്‌സി വ‍ഴി മാത്രമെന്ന് കോടതി

കെഎസ്ആർടിസിയിലെ റിസർവ് കണ്ടക്‌ടർ തസ്‌തികയിൽ പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി.

പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി.അതേ സമയം ഒ‍ഴിവുള്ള തസ്തികകളില്‍ എം പാനലുകാരെ നിയമിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.

എന്നാല്‍ എംപാനലുകാര്‍ക്ക് അവരുടെ അവകാശം നേടിയെടുക്കുന്നതിന് നിയമാനുസൃതം നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളിലാണ് ഹൈക്കോടതി വിശദമായ വാദം കേട്ട് വിധി പറഞ്ഞത്.

ഒ‍ഴിവുള്ള തസ്തികകളില്‍ തങ്ങളെ നിയമിക്കണം എന്നാവശ്യപ്പെട്ട് പിരിച്ചു വിടപ്പെട്ട എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലും പി എസ് സി അഡ്വൈസ് മെമ്മൊ ലഭിച്ചിട്ടും നിയമനം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ആന്‍റണി സ്റ്റെജോ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലുമാണ് കോടതി വാദം കേട്ടത്.

പിരിച്ചുവിട്ടവരെ ഒ‍ഴിവുള്ള തസ്തികകളില്‍ നിയമിക്കണമെന്ന എംപാനലുകാരുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ നിയമനം പി എസ് സി വ‍ഴിമാത്രമെ പാടുകയുള്ളൂവെന്ന് വ്യക്തമാക്കിയ കോടതി പി എസ് സി റാങ്ക് ഹോള്‍ഡേ‍ഴ്സ് കേസിലെ സുപ്രീം കോടതി വിധി കെ എസ് ആര്‍ ടിസിക്കും ബാധകമാണെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം എം പാനൽ കണ്ടക്‌ടർമാർ ഇത്രയും വര്‍ഷം ജോലി ചെയ്‌തതിനാൽ അവർക്ക് നിയമപരമായ അവകാശങ്ങളുണ്ട്.

അത് സ്ഥാപിച്ചു കിട്ടാൻ അവർക്ക് ലേബർ കോടതിയെയോ ഇൻഡസ്ട്രിയൽ ട്രിബ്യൂണലിനെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

എം പാനലുകാർക്ക് കെഎസ്‌ആർടിസി തെറ്റായ പ്രതീക്ഷ നൽകിയെന്ന്‌ കോടതി വിമർശിച്ചു.അടിയന്തിര ഘട്ടങ്ങളില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വ‍ഴി നിയമിക്കുന്ന താല്‍ക്കാലികക്കാരുടെ സര്‍വ്വീസ് 180 ദിവസത്തില്‍ കൂടരുതെന്നാണ് സര്‍വ്വീസ് ചട്ടം.

തുടര്‍ന്ന് കെ എസ് ആര്‍ ടി സി യിലെ ഒ‍ഴിവുകള്‍ സമയബന്ധിതമായി പി എസ് സി ക്ക് റിപ്പോര്‍ട്ടുചെയ്യണമെന്നും ജസ്റ്റിസുമാരായ വി ചിദംബരേഷ്.ആര്‍ നാരായണപ്പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിയില്‍ നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News