ചുറ്റും ക്യാന്‍സര്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകള്‍, കാന്‍സര്‍ കാര്‍ന്നു തിന്നുന്ന ശരീരവുമായി ജീവനുവേണ്ടി പോരിടുന്ന ഒരുപാട് ആളുകള്‍, വീണ്ടും വീണ്ടും പിടിമുറുക്കുന്ന ക്യാന്‍സറിനെതിരെ പോരാടി വിജയിച്ച് തിരിച്ചു വന്നവര്‍.

കുടില്‍ തൊട്ട് കൊട്ടാരം വരെയും താരങ്ങളുടെ ആകാശം മുതല്‍ പാവങ്ങളുടെ നരകക്കുഴി വരെയും കടന്നുചെന്ന ക്യാന്‍സറിന്റെ വേരുകളെ പിഴുതെറിയാന്‍ കരുത്തേകുന്നത് ക്യാന്‍സറിനെ പിഴുതെറിഞ്ഞവരുടെ അതിജീവനങ്ങളുടെയും പോരാട്ടങ്ങളുടെയും നേര്‍ചിത്രങ്ങള്‍ തന്നെയാണ്.

ക്യാന്‍സറിനെ അതിജീവിച്ച തന്റെ 10 വര്‍ഷങ്ങളെ ഒറ്റ ചിത്രത്തിലാക്കുമ്പോള്‍ മംമ്ത നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ഒരു ചിരിയോടെ കാന്‍സറിനോട് പടവെട്ടുന്ന ഒരുപാട് വ്യക്തികളുടെ പ്രതീകമാവുകയാണ് ക്യാന്‍സര്‍ ദിനത്തില്‍ മംമ്ത മോഹന്‍ദാസ്. ഫെയ്‌സ്ബുക്കില്‍ മംമ്ത പോസ്റ്റ് ചെയ്ത 10 ഇയര്‍ ചലഞ്ചിലുണ്ട് അവര്‍ക്ക് പറയാനുള്ളതെല്ലാം.

2019 ക്യാന്‍സര്‍ ദിനത്തില്‍ മംമ്ത പറയുന്നു എനിക്ക് ക്യാന്‍സര്‍ കിട്ടി പക്ഷെ, ക്യാന്‍സറിന് എന്നെ കിട്ടിയിട്ടില്ലെന്ന്. 2009 എന്റെ ജീവിതത്തിലെല്ലാം മാറ്റി മറിച്ചു.

എന്റെയും കുടുംബത്തിന്റെയും എല്ലാ പദ്ധതികളെയും അത് ബാധിച്ചു. 2019 ല്‍ തിരികെ നോക്കുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ ഒരു വെല്ലുവിളി തന്നെയായിരുന്നു. ഞാന്‍ നന്നായി പൊരുതി, കരുത്തോടെ നിന്നു, അതിജീവിച്ചു. അതിലെനിക്ക് ഏറെ അഭിമാനമുണ്ട്. ഇത്രയധികം വര്‍ഷങ്ങള്‍ മനക്കരുത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയുമിരിക്കുന്നത് ചെറിയ കാര്യമല്ല. ഞാനത് ചെയ്തു കാണിച്ചു. അതിന് പിന്നില്‍ ഒരുപാട് ആളുകളുണ്ട്. അച്ഛനും അമ്മയ്ക്കുമാണ് എല്ലാത്തിനും നന്ദി പറയേണ്ടത്. അവരോടുള്ള കടപ്പാട് വെറുമൊരു നന്ദിവാക്കില്‍ ഒതുക്കാനാകുന്നതല്ല. സഹോദര സ്‌നേഹം എന്തെന്ന് കാണിച്ചു തന്ന കസിന്‍സിനും, തളരാതെ പോരാടാനായി എന്നെ വെല്ലുവിളിച്ചിരുന്ന സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപാട് നന്ദി. മംമ്ത കുറിക്കുന്നു.

2009 ല്‍ കാന്‍സറിനു ചികിത്സയിലായിരുന്നപ്പോഴുള്ള ചിത്രവും 2019 ലെ ചിത്രവും പങ്കുവച്ചാണ് മംമ്തയുടെ പോസ്റ്റ്. മംമ്തയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കാണാം..