ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറി; ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി ലങ്കയുടെ ഏയ്ഞ്ചലോ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ തന്നെ രണ്ട് തവണ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമായി ശ്രീലങ്കയുടെ ഏയ്ഞ്ചലോ പെരേര.

മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ എയ്റ്റ് മത്സരത്തില്‍ സിന്‍ഹളീസ് സ്പോര്‍ട്സ് ക്ലബ്ബിനെതിരേ എന്‍.സി.സിക്ക് വേണ്ടിയായിരുന്നു പെരേരയുടെ ചരിത്ര ഇന്നിങ്സ്.

ആദ്യ ഇന്നിങ്സില്‍ 203 പന്തില്‍ 20 ഫോറും ഒരു സിക്സുമടക്കം 201 റണ്‍സാണ് പെരേര അടിച്ചെടുത്തത്.

രണ്ടാമിന്നിങ്സില്‍ 268 പന്തില്‍ 20 ഫോറും മൂന്ന് സിക്സുമടക്കം 231 റണ്‍സ് നേടി. ലങ്കന്‍ ദേശീയ താരങ്ങളായ സചിത്ര സേനാനായക, ധമിക പ്രസാദ് എന്നിവരടങ്ങുന്ന ബൗളിങ്ങ് നിരയ്‌ക്കെതിരെയായിരുന്നു പെരേരയുടെ കൈവിട്ട കളി.

ക്യാപ്റ്റന്‍ പെരേര റണ്‍സ് അടിച്ചുകൂട്ടിയതോടെ മത്സരം സമനിലയിലാക്കാന്‍ എന്‍ സി സി ടീമിന് കഴിഞ്ഞു.

80 വര്‍ഷത്തിന് ശേഷമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇത്തരത്തിലൊരു അപൂര്‍വ ഇരട്ട സെഞ്ച്വറി പിറക്കുന്നത്.

1938-ല്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കെന്റിന്റെ ആര്‍തര്‍ ഫാഗാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം. എസെക്സിനെതിരേ ആദ്യ ഇന്നിങ്സില്‍ 244 റണ്‍സും രണ്ടാമിന്നിങ്സില്‍ 202 റണ്‍സുമാണ് നേടുമ്പോള്‍ ഫാഗിന് പ്രായം 23 വയസ് മാത്രം.

28കാരനായ എയ്ഞ്ചലോ പെരേര 2013-16 കാലയളവില്‍ ലങ്കയ്ക്കായി നാല് ഏകദിനങ്ങളും രണ്ട് ട്വന്റി-20യും കളിച്ചിട്ടുണ്ട്.

നാല് ഏകദിനങ്ങളില്‍ നിന്ന് എട്ട് റണ്‍സും രണ്ട് ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് നാല് റണ്‍സുമാണ് അന്ന് പെരേരയ്ക്ക് നേടാനായത്.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന പെരേര അയര്‍ലണ്ട് എ ടീമിനെതിരായ ശ്രീലങ്കന്‍ എ ടീമിനുവേണ്ടിയും സ്‌കോര്‍ ചെയ്തിരുന്നു.

ഈ ചരിത്രപ്രകടനം ലങ്കയുടെ ടെസ്റ്റ് ടീമിലേക്കുന്നതിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പെരേര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News