അവിശ്വസനീയ തകര്‍ച്ച; ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വമ്പന്‍ തോല്‍വി

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തോല്‍വി. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ 80 റണ്‍സിന് തോറ്റപ്പോള്‍ വനിതാ ടീം 23 റണ്‍സിനാണ് മത്സരം അടിയറവ് വെച്ചത്.

34 റണ്‍സിനിടെ 9 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് വനിതകള്‍ തോല്‍വി പിടിച്ചുവാങ്ങിയത്. റണ്‍ അടിസ്ഥാനത്തില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി-20 തോല്‍വിയാണിത്.

വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ടീം തെരഞ്ഞെടുപ്പു മുതല്‍ ടോസ് നേടി ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കാനും ബാറ്റിങ് ഓര്‍ഡറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്താനുമുള്ള തീരുമാനങ്ങളെല്ലാം പാളിയപ്പോള്‍ പരമ്പരയിലെ ആദ്യ ട്വന്റി-20യില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി.

നിശ്ചിത 20 ഓവറില്‍ ന്യൂസിലന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍, ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് എല്ലാവരും പുറത്തായി.

ഇതോടെ, മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0നു പിന്നിലായി. 31 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 39 റണ്‍സെടുത്ത എം എസ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യന്‍ നിരയില്‍ ഏഴ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. വെറും 10 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് അവസാന നാലു വിക്കറ്റ് നഷ്ടമായത്. ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്നും ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ്, 43 പന്തില്‍ ഏഴു ബൗണ്ടറിയും ആറു പടുകൂറ്റന്‍ സിക്‌സും സഹിതം 84 റണ്‍സെടുത്താണ ടിം സീഫര്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് 219 റണ്‍സ് അടിച്ചുകൂട്ടിയത്.

ചോദിച്ചുവാങ്ങിയ തോല്‍വി

അവസാന നിമിഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യന്‍ വനിതാ ടീം 23 റണ്‍സിനാണ് തോല്‍വി ചോദിച്ചുവാങ്ങിയത്. ഒന്നിന് 102 റണ്‍സെന്ന നിലയില്‍ നിന്ന് 136ന് എല്ലാവരും പുറത്ത് എന്ന നിലയില്‍ അവിശ്വസനീയമായി ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.

34 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയുടെ മികവില്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു ഇന്ത്യ. 24 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ സ്മൃതി ട്വന്റി-20യിലെ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കി.

പതിനൊന്നാം ഓവറിന്റെ മൂന്നാം പന്തില്‍ സ്മൃതി പുറത്തായതോടെയാണ് കീവീസ് മത്സരത്തില്‍ പിടിമുറുക്കിയത്. വിജയത്തിലേക്ക് അപ്പോള്‍ 52 പന്തില്‍ 58 റണ്‍സ് മാത്രം മതിയായിരുന്നു.

പിന്നീട് 34 റണ്‍സിനിടെ ഒമ്പതു വിക്കറ്റുകളാണ് ഇന്ത്യ തുലച്ചത്. എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്.

ഓപ്പണര്‍ സോഫി ഡിവൈന്‍ (62), ആമി സാറ്റര്‍ത്വയ്റ്റ് (33), കാത്തി മാര്‍ട്ടിന്‍ (27) എന്നിവരുടെ മികവിലാണ് ന്യൂസിലന്‍ഡ് 159 റണ്‍സെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here