മൂന്നരമണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം ശബരിമല കേസ് വിധി പറയാന്‍ സുപ്രീംകോടതി മാറ്റി; വാദത്തിനിടെ കോടതി മുറിക്കുള്ളില്‍ അരങ്ങേറിയത് സംഭവവികാസങ്ങള്‍

മൂന്നരമണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം ശബരിമല കേസ് വിധി പറയാന്‍ സുപ്രീംകോടതി മാറ്റി. ഏഴ് ദിവസത്തിനുള്ളില്‍ ഹര്‍ജികാര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാം. വാദത്തിനിടെ നാടകിയ സംഭവവികാസങ്ങളും കോടതി മുറിക്കുള്ളില്‍ അരങ്ങേറി.

സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിധി നടപ്പിലാക്കണമെണമെന്ന് നിലപാട് എടുത്തപ്പോള്‍ എതിര്‍ക്കുന്നവരെ ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. തന്ത്രി,ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളിലും കോടതി വാദം കേട്ടു.

രാവിലെ പത്ത് മുപ്പതിന് ഭരണഘടന ബഞ്ച് ശബരിമല കേസ് വാദത്തിനെടുത്തു. 56 പുനപരിശോധന ഹര്‍ജികള്‍, നാല് റിട്ട് ഹര്‍ജികള്‍ തുടങ്ങിയവയ്ക്കെല്ലാമായി മുതിര്‍ന്ന അഭിഭാഷകരടക്കം ഒന്നാം നമ്പര്‍ കോടതിയില്‍ തിങ്ങി നിറഞ്ഞു.വാദത്തിന് മുമ്പ് ആമുഖമായി സംസാരിച്ച ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി സെപ്ന്റബര്‍ 28 ലെ വിധിയിലെ തെറ്റുകള്‍ മാത്രം ചൂണ്ടികാണിക്കണമെന്ന് അഭിഭാഷകരോട് ആവശ്യപ്പെട്ടു.

പുനപരിശോധന ഹര്‍ജികളിലെ ആവശ്യങ്ങളെല്ലാം ഒന്നായതിനാല്‍ 56 പേരെയും പ്രതിനിധീകരിച്ച കുറച്ച് അഭിഭാഷകര്‍ക്ക് മാത്രം വാദത്തിന് അവസരം നല്‍കി. എന്‍.എസ്.എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ പരാശരന്റേതായിരുന്നു ആദ്യ വാദം. തന്ത്രി, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരടക്കം പതിനൊന്ന് കക്ഷികള്‍ക്കും വിധിയെ എതിര്‍ത്ത് വാദിക്കാന്‍ അവസരം ഉണ്ടായി.

അവസരം ലഭിക്കാത്ത മറ്റ് അഭിഭാഷകര്‍ തര്‍ക്കിച്ചപ്പോള്‍ മേശയിലടിച്ച് ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് ശാന്തരാകാന്‍ ആവശ്യപ്പെടുന്നതും കാണായിരുന്നു. എഴുന്നേറ്റ് നിന്ന് ബഹളം വച്ച മുബൈയില്‍ നിന്നുള്ള അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ടായി.

ജസ്റ്റിസ് നരിമാനും ചീഫ് ജസ്റ്റിസും വിശ്വാസങ്ങള്‍ക്ക് മുകളിലാണ് മൗലികഅവകാശമെന്ന് പല തവണ ഓര്‍മ്മിച്ചു. മുന്‍ വിധിയേയും സുപ്രീംകോടതി ന്യായീകരിച്ചു. തുല്യതയുടെ അടിസ്ഥാനത്തിലാണ് വിധി ഉണ്ടായത്.

സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചപ്പോള്‍ ഇടപെട്ട ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ബോര്‍ഡ് മുമ്പ് സ്ത്രീ പ്രവേശനം എതിര്‍ത്തിരുന്നില്ലേ എന്ന് ചോദിച്ചു.

വിധി വന്നതിന് ശേഷം ചേര്‍ന്ന ബോര്‍ഡ് യോഗം വിധിയെ അംഗീകരിക്കാന്‍ തീരുമാനിച്ചുവെന്നും ഇത് പ്രകാരമാണ് കോടതിയെ അറിക്കുന്നതെന്നും അഭിഭാഷകന്‍ രാകേഷ് ദിവേദി വ്യക്തമാക്കി.ദര്‍ശനം നടത്തിയ ബിന്ദു,കനകദുര്‍ഗ എന്നിവര്‍ക്ക് അതിന് ശേഷം നേരിടേണ്ടി വന്ന പ്രശ്നങ്ങളും അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നു.

ഇടയ്ക്ക് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ശേഷം വീണ്ടും ചേര്‍ന്ന കോടതിയില്‍ വാദം മൂന്ന് മണി വരെ നീണ്ടു. വാദിക്കാത്ത മറ്റ് അഭിഭാഷകര്‍ക്ക് വാദങ്ങള്‍ രേഖമൂലം അറിയിക്കാന്‍ ഏഴ് ദിവസം ഭരണഘടന ബഞ്ച് അനുവദിച്ച കോടതി വിധി പറയാന്‍ മാറ്റി.

വിധിയെ എതിര്‍ന്ന ബിജെപി അദ്ധ്യക്ഷന്‍,തന്ത്രി എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലും കോടതി വാദം കേട്ടു.നേരത്തെ ഈ കേസുകള്‍ ലിസറ്റ് ചെയ്തിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here