പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഇടുക്കിക്ക് 5000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം ബാധിച്ച ഇടുക്കി ജില്ലയ്ക്ക് 5000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കാണ് പാക്കേജ് പ്രഖ്യാപിച്ചത്. സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശ ഭരണ പദ്ധതികള്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നീ സ്രോതസുകളില്‍നിന്നുള്ള സ്‌കീമുകള്‍ സംയോജിപ്പിച്ചായിരിക്കും പാക്കേജിന് രൂപം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നാണ് ഇടുക്കി. പുനര്‍നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഇടുക്കി ജില്ലയ്ക്ക് പ്രത്യേകമായ പരിഗണന നല്‍കേണ്ടതുണ്ട്. ഇന്ന് ബജറ്റു ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി സഖാവ് എം എം മണി ഇതു സംബന്ധിച്ച കുറിപ്പു നല്‍കിയിരുന്നു.

സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശ ഭരണ പദ്ധതികള്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നീ സ്രോതസുകളില്‍നിന്നുള്ള സ്‌കീമുകള്‍ സംയോജിപ്പിച്ചായിരിക്കും പാക്കേജിന് രൂപം നല്‍കുക. 2019-20ല്‍ 550 കോടി രൂപ സംസ്ഥാന പ്ലാനില്‍ നിന്നും 100 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്നും 350 കോടി രൂപ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍നിന്നും 250 കോടി രൂപ കിഫ്ബിയില്‍ നിന്നും 250 കോടി രൂപ റീ ബില്‍ഡ് കേരള തുടങ്ങിയ സ്രോതസുകളില്‍നിന്ന് അധികമായും, അങ്ങനെ മൊത്തം 1500 കോടി രൂപയായിരിക്കും ഇടുക്കി പാക്കേജിന്റെ അടങ്കല്‍.

തേയിലയുടെയും കുരുമുളക്, ഏലം, തുടങ്ങിയ സുഗന്ധവിളകളും ചക്ക തുടങ്ങിയ പഴവര്‍ഗങ്ങളുടെയും പച്ചക്കറിയുടെയും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഉയര്‍ത്തുന്നതിനും ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു വികസനതന്ത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

തേയില ബ്രാന്‍ഡു ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും. സ്‌പൈസസ് പാര്‍ക്കു വിപുലീകരിക്കും. ചക്ക തുടങ്ങിയവയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്രീകൃതമായ സംവിധാനമൊരുക്കും. ക്ഷീരസാഗരം മാതൃകയില്‍ കന്നുകാലി വളര്‍ത്താന്‍ സമഗ്ര പദ്ധതി ആരംഭിക്കും. ബ്രഹ്മഗിരി മാതൃകയില്‍ ഇറച്ചി സംസ്‌ക്കരണ യൂണിറ്റു സ്ഥാപിക്കും.

പശ്ചിമഘട്ട ആവാസവ്യവസ്ഥയില്‍പ്പെട്ട പ്രദേശമാണ് ഇടുക്കി. ഈ പ്രദേശത്തെ കൃഷിയും ജനജീവിതവും പാരിസ്ഥിതിക സവിശേഷതകള്‍ക്ക് അനുസൃതമായാണ് വികസിച്ചു വന്നത്. സവിശേഷമായ ഈ ഐക്യത്തിന് ഇടക്കാലത്ത് ഇടക്കാലത്തു സംഭവിച്ച വിള്ളലുകള്‍ ഇടുക്കിയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.

അതു പ്രാഥമികമായും കൃഷിയെയും അവിടുത്തെ ജനജീവിതത്തെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്. കൃഷിയ്ക്കും ജനജീവിതത്തിനും ഉതകുന്ന പ്രദേശമായി ഇടുക്കി തുടര്‍ന്നും നിലനിര്‍ത്തുക എന്നതാണ് പാരിസ്ഥിതിക പരിഗണനയുടെ അടിസ്ഥാനധര്‍മ്മം. പരിസ്ഥിതി പരിഗണിച്ചുകൊണ്ടും ജനജീവിതത്തെയും കൃഷിയെയും ഏകോപിപ്പിച്ചുകൊണ്ടുമുള്ള ഒരു സമീപനമായിരിക്കും ഇടുക്കി പാക്കേജിന്റെ ഭാഗമായ പദ്ധതി നടത്തിപ്പില്‍ സ്വീകരിക്കുക.

അതിവര്‍ഷത്തിലും പ്രളയത്തിലും പെട്ട് പോഷകമൂലകങ്ങളും ജൈവാംശവും നഷ്ടപ്പെട്ട കൃഷിഭൂമിയിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് മണ്ണു പരിശോധന നടത്തി എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ജൈവവളം, ജീവാണു വളം, കുമ്മായം, ഡോളോമേറ്റ് തുടങ്ങിയവ കാലവര്‍ഷം എത്തുന്നതിനു മുമ്പായി ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കും.

പഞ്ചായത്തുകളില്‍ കുടുംബശ്രീ, ഹരിതകര്‍മ്മസേന എന്നിരുടെ പങ്കാളിത്തത്തോടെ ജൈവവളനിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. ബ്ലോക്ക് തലത്തില്‍ നിലവിലുള്ള വിള ആരോഗ്യകേന്ദ്രങ്ങളില്‍ ജീവാണുവള നിര്‍മ്മാണം ആരംഭിക്കും. വളത്തിന്റെയും കീടനാശിനികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉല്‍പന്നങ്ങളിലെ വിഷാംശം നിരീക്ഷിക്കുന്നതിനും ആധുനിക സംവിധാനം ഏര്‍പ്പെടുത്തും. നീര്‍ത്തടാടിസ്ഥാനത്തിലുള്ള സമഗ്ര ഭൂവിനിമയ ആസൂത്രണം ജനപങ്കാളിത്തത്തോടെ നടപ്പാക്കും.

ടൂറിസമാണ് ഇടുക്കിയിലെ വികസന ചലനാത്മകതയില്‍ ഒരു നിര്‍ണായക പങ്കു വഹിക്കാന്‍ പോകുന്നത്. ടൂറിസം ക്ലസ്റ്ററുകളും സര്‍ക്യൂട്ടുകളും ആവിഷ്‌കരിക്കും. ഫാം ടൂറിസത്തില്‍ ഊന്നും. മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിന്റെ രണ്ടാം ഘട്ടം, ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ കൈവശമുള്ള ടൂറിസം കേന്ദ്രം, ഹൈഡല്‍ ടൂറിസം എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

പെരിയാര്‍, മുതിരപ്പെരിയാര്‍ തീരങ്ങളില്‍ പ്രളയം മൂലവും മറ്റിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ മൂലവും വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക തുക അനുവദിക്കും. അടഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ജീവനോപാധികള്‍ നല്‍കും. ഇടുക്കി മെഡിക്കല്‍ കോളജിന്റെ അടുത്തഘട്ടം പൂര്‍ത്തീകരിക്കും. ആദിവാസിക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കും.

ഇത്തരത്തില്‍ സമഗ്രതലസ്പര്‍ശിയായ ഒരു മേഖലാ വികസന പരിപാടിയാണ് ഇടുക്കി പാക്കേജ്. താഴെത്തട്ടില്‍ രൂപം നല്‍കിയ ജില്ലാ പദ്ധതിയെ ഈ പാക്കേജില്‍ ഉള്‍ച്ചേര്‍ക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News