കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ദില്ലിയില്‍; സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകള്‍ ചര്‍ച്ചയാകും

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ചേരും. വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാനങ്ങളിലെ സഖ്യവും ചര്‍ച്ചചെയ്യും. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധി യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍, ഉയര്‍ത്തേണ്ട വിഷയങ്ങള്‍, സഖ്യസാധ്യകള്‍ എന്നിവയാണ് യോഗം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.

ജനറല്‍ സെക്രട്ടറിമാര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും യോഗത്തില്‍ നല്‍കും.

ബിജെപിയുമായി നേരിട്ട് മത്സരമുള്ള സം്സ്ഥാനങ്ങളില്‍ പലയിടങ്ങളിലും തെരഞ്ഞെടുപ്പിന് വേണ്ട സംഘടനാ സംവിധാനം ഇല്ലെന്ന പോരായ്മ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

ഇത് മറികടക്കാനുള്ള ആലോചന യോഗത്തില്‍ ഉണ്ടാകും. ബിജെപിയും പ്രദേശിക പാര്‍ട്ടികളും തമ്മില്‍ പ്രത്യക്ഷമായി മത്സരം നടക്കുന്ന സം്സ്ഥാനങ്ങളില്‍ സഖ്യസാധ്യതകളാണ് പ്രധാനമായും ആരായുന്നത്.

തനിച്ച് മത്സരിച്ചാല്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഭിന്നിപ്പിന് കാരണമാകുമെന്നും അത് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള കാരണമാക്കി മാറ്റുകയും ചെയ്യുന്നതിനാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ഗൗരവമായി ചര്‍ച്ചചെയ്യും.

എഐസിസി ആസ്ഥാനത്ത് വൈകീട്ട് നാലരക്കാണ് യോഗം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ യോഗമാണ്. പ്രിയങ്ക ഇന്നലെ ചുമതല ഏറ്റെടുത്തിരുന്നു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ റാലികളെ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും. പുതിയ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയെയും ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. നാളെ പി.സി.സി അധ്യക്ഷന്മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗവും വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here