കനകദുര്‍ഗയുമായി മെഡിക്കല്‍ കോളേജിലേക്ക് തിരിച്ച ആംബുലന്‍സ് തടഞ്ഞകേസില്‍ ബിജെപി പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: കനകദുര്‍ഗയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് തിരിച്ച ആംബുലന്‍സ് തടഞ്ഞകേസില്‍ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ ആറ് ബിജെപി പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മേലാക്കം അരുന്ധദി വീട്ടില്‍ പി ജി ഉപേന്ദ്രന്‍(59), എളങ്കൂര്‍ പ്രസാദം വീട്ടില്‍ പി വി മുരളീധരന്‍(58), മഞ്ഞപ്പറ്റ മണ്ണൂര്‍ക്കര വീട്ടില്‍ എം അനൂപ്(32), മഞ്ചേരി പയ്യനാട് കറുത്തേടത്ത് വീട്ടില്‍ കെ അഭിലാഷ്(26), നറുകര പലയംകുന്നുമ്മല്‍ ശശിധരന്‍(53), ചെങ്ങര നെല്ലിക്കാട് സജിത്ത്(34) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജിഡ്ജി സുരേഷ്‌കുമാര്‍ പോള്‍ തള്ളിയത്.

അന്യായമായി സംഘം ചേരല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വഴിതടയല്‍ എന്നി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമതിയത്. ജനുവരി 15നാണ് കേസിന് ആസ്പദമായ സംഭവം.

ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് പട്ടികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 12.30ഓടെ കനകദുര്‍ഗയുമായി പുറപ്പെട്ട ആംബുലന്‍സ് ആര്‍എസ്എസ്, ബിജെപി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നേതാവും ഉള്‍പ്പെട്ട സംഘം തടയുകയായിരുന്നു.

പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. അക്രമികള്‍ മുദ്രാവാക്യംവിളിച്ച് അത്യാഹിത വിഭാഗത്തിന് മുന്നില്‍ തടിച്ചുകൂടിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാക്കി. പ്രോസിക്യൂഷന്‌വേണ്ടി പി സുരേഷ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here