മോദിക്ക് ഇരട്ട മുഖം; ഒരേ സമയം കള്ളനും കാവല്‍ക്കാരനുമെന്ന് രാഹുല്‍ ഗാന്ധി; റാഫേല്‍ ഇടപാടിലൂടെ മുപ്പതിനായിരം കോടി രൂപ കൊള്ളയടിച്ചു; കേന്ദ്രം സുപ്രീംകോടതിയിലും കള്ളം പറഞ്ഞു

ദില്ലി: റഫേല്‍ ഇടപാടില്‍ നരേന്ദ്രമോദി നടത്തിയ കൊള്ള തെളിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഇടപാടില്‍ മോദി നേരിട്ട് ഇടപെട്ടെന്നും ഇതിന്റെ തെളിവുകള്‍ പുറത്തു വന്നെന്നും അദ്ദേഹം പറഞ്ഞു.

മോദി 30,000 കോടി കൊള്ളയടിച്ച് അനില്‍ അംബാനിക്ക് നല്‍കുകയായിരുന്നെന്നും ഇടപാട് സംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയിലും കള്ളം പറഞ്ഞതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.

മോദി കാവല്‍ക്കാരനും കള്ളനുമാണ്. മോദിയുടെ ദ്വന്ദമുഖമാണ് വെളിപ്പെട്ടത്. കാവല്‍ക്കാരന്‍ തന്നെയാണ് കള്ളനെന്ന് തെളിഞ്ഞു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയും നിര്‍മ്മല സീതാരാമനും കള്ളമാണ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കരാര്‍ ദുര്‍ബലമായെന്നും രാഹുല്‍ ആഞ്ഞടിച്ചു.

താന്‍ ഒരു വര്‍ഷമായി ആരോപിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും രാഹുല്‍ പറഞ്ഞു.

മുന്‍പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ താന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ റഫേല്‍ ഇടപാട് ചര്‍ച്ചയായില്ല. പരീക്കര്‍ പോലും അറിയാതെയാകാം പ്രധാനമന്ത്രി കരാറില്‍ ഇടപെട്ടതെന്നും രാഹുല്‍ പറഞ്ഞു.
റഫേല്‍ ഇടപാടില്‍ ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി മോദി സര്‍ക്കാര്‍ ഇടപെട്ടുവെന്ന വെളിപ്പെടുത്തലുമായി പ്രതിരോധ സെക്രട്ടറി രംഗത്ത് വന്നിരുന്നു.

പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫേലില്‍ ചര്‍ച്ച നടത്തിയതെന്ന വിവരമാണ് പുറത്തായത്. ‘ദ ഹിന്ദു’വാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി കാണിച്ച് പ്രതിരോധ മന്ത്രിക്ക് പ്രതിരോധ മന്ത്രാലയ സെക്രട്ടറി അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്ന വിധത്തിലുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ കുറിപ്പ് എഴുതിയതിനെ കുറിച്ച് തനിക്ക് ഓര്‍മയില്ലെന്നാണ് മോഹന്‍കുമാറിന്റെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട് 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News