ബോളീവുഡ് നടന്‍, അലോക് നാഥിനും സംവിധായകന്‍ സൗമിക് സെന്നിനും എതിരെ ഉയര്‍ന്ന മിടു ആരോപണങ്ങള്‍ ഞെട്ടിച്ചതായി മാധുരി ദീക്ഷിത്. ഇരുവരെയും തനിക്ക് നേരത്തെ അറിയുന്നതാണെന്നും ഇത്തരത്തിലൊരു ആരോപണം ഇവര്‍ക്കെതിരെ ഉയരുമെന്ന് കരുതിയിരുന്നില്ലെന്നും സംഭവം ഞെട്ടിക്കുന്നതാമെന്നും മാധുരി പിടിഐയോട് പ്രതികരിച്ചു.

ബോളീവുഡ് നടന്‍ അലോക് നാഥിനെതിരെ നേരത്തെയും മിടു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംവിധായക വിന്റാ നന്ദയാണ് 19 വര്‍ഷങ്ങള്‍ മുമ്പ് ഒരു നടന്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്.

പീഡിപ്പിച്ചത് ഒരു സംസ്‌ക്കാരി ആക്ടര്‍ ആണെന്നാണ് നന്ദ വെളിപ്പെടുത്തിയത്. ബോളിവുഡില്‍ സംസ്‌ക്കാരി ബാബുജി എന്നാണ് അലോക് നാഥ് അറിയപ്പെടുന്നത്. സൂചനകളില്‍ നിന്നും അലോക് നാഥിനെയാണ് നന്ദ ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.

ദയാവന്‍ ജമായ് രാജ, ഹം ആപ് കേ ഹേ കോന്‍, ഹം തുമാരെ ഹേ സനം തുടങ്ങി നിരവധി ചിത്രങളില്‍ അലോക് നാഥിനൊപ്പം മാധുരിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംവിധായകന്‍ സൗമിക് സെന്നിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ, സൗമിക് സെന്നിന്റെ ഗുലാബ് ഗ്യാങ് എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചിട്ടുണ്ട്. പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഇരുവര്‍ക്കൊപ്പവും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അവരെക്കുറിച്ച് നമുക്കറിയുന്നതും പുറത്തു വരുന്നതും വ്യത്യസ്ഥകാര്യങ്ങളാണ് മാധുരി കൂട്ടിച്ചേര്‍ത്തു.

തൊഴിലിടങ്ങളിലും മറ്റും ഉയരുന്ന അധിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ തന്നെ തുറന്നു പറയുന്ന മിടു മൂവ്‌മെന്റില്‍, ബോളീവുഡും കുടുങ്ങിയിരിക്കുകയാണ്. പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.

നടി തനുശ്രി ദത്ത നാനാ പടേക്കറിനെതിരെ മിടു ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് മിടു വീണ്ടും ബോളീവുഡില്‍ ചൂടുപിടിച്ചത്.

നിര്‍മ്മാതാവ് വികാസ് ബാല്‍, നടന്‍ രജത് കപൂര്‍,ഗായകന്‍ കൈലാഷ് ഖേര്‍, ഗാന രചയിതാവ് വൈരമുത്തു എന്നിവര്‍ക്കെതിരെയും മി ടു ആരോണങ്ങള്‍ ഉയര്‍ന്നിരുന്നു.