അമേരിക്കയില്‍ ഫ്രോസണ്‍ പൂച്ചക്കുട്ടി; പോളാര്‍ വെര്‍ട്ടക്‌സ് ചതിച്ച പൂച്ചക്കുട്ടി രക്ഷിപ്പെട്ടതിങ്ങനെ

വടക്കേ അമേരിക്കയില്‍ പോളാര്‍ വോര്‍ട്ടെക്‌സിന്റെ ഫലമായുണ്ടായ കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്‌ലഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയെ മൃഗഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു.

യുഎസിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്‌പെല്ലിലാണ് സംഭവം. ഫ്‌ലഫിയെന്ന പൂച്ചക്കുട്ടി കുറുമ്പുകാട്ടി പലപ്പോഴും വീടിനു പുറത്താണ്. കടുത്ത തണുപ്പില്‍ ദേഹമാസകലം മൂടിപ്പുതച്ച് മനുഷ്യര്‍ പോലും വീടിനുള്ളില്‍ കഴിയുമ്പോഴാണ് കൊടുംതണുപ്പിന്റെ പ്രശ്‌നങ്ങളറിയാതെ ഫ്‌ലഫി പുറത്ത് ചുറ്റിക്കളിക്കാനിറങ്ങിയത്.

മഞ്ഞിനടിയില്‍ ഫ്‌ലഫി എന്തോ തിരയുകയാണെന്നായിരുന്നു വീട്ടുകാരുടെ ആദ്യ തോന്നല്‍. അതിശൈത്യവും മഞ്ഞുവീഴ്ചയും കാരണം തണുത്തുറഞ്ഞുകിടക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായത്. സമീപത്തെ മൃഗാശുപത്രിയിലെത്തിക്കുമ്പോള്‍ ഫ്‌ലഫിയുടെ താപനില 90 ഡിഗ്രി മാത്രം. പൂച്ചകളുടെ ശരീരതാപനിലയാകട്ടെ 100, 102 ഡിഗ്രി ഫാരന്‍ഹീറ്റും.

ഉടന്‍തന്നെ ഡോക്ടര്‍മാര്‍ ചൂടുവെള്ളവും ഹെയര്‍ ഡ്രൈയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നല്‍കാനുപയോഗിക്കുന്ന കേജ് വാമറും ഐവി ഫ്‌ലൂയിഡും ഉപയോഗിച്ച് ഫ്‌ലഫിയെ പരിചരിച്ചു. തണുപ്പില്‍ മരവിച്ച ഫ്‌ലഫിക്ക് ഐവി കൊടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ നന്നേ കഷ്ടപ്പെട്ടു. ചികിത്സയുടെ ഫലമായി ശരീരതാപനില തിരിച്ചുകിട്ടിയ ഫ്‌ലഫി ഇപ്പോള്‍ സന്തോഷവതിയാണ്.

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും മടിക്കുമെന്നാണ് മലയാളം പഴമൊഴി. മൊണ്ടാനയിലെ ഫ്‌ലഫിയും ഈ പഴമൊഴി ഓര്‍ത്ത് ജീവിക്കുമെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News