കൊച്ചി: തൊഴിലിടങ്ങളില്‍ സ്ത്രീസംരക്ഷണം ഉറപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാതെ ബിജെപി ഉള്‍പ്പെടെ മുഖ്യദേശീയ പാര്‍ട്ടികള്‍.

യുപിഎ സര്‍ക്കാര്‍ 2013 ല്‍ കൊണ്ടുവന്ന നിയമം കോണ്‍ഗ്രസ് പോലും നടപ്പാക്കിയിട്ടില്ല. സിപിഐഎം മാത്രമാണ് സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി കമ്മിറ്റികള്‍ രൂപീകരിക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

2013ലെ രണ്ടാം യുപിഎ സര്‍ക്കാരാണ് തൊഴിലിടങ്ങളില്‍ സ്ത്രീ സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന് ഉത്തരവിറക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തൊഴിലിടങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

സ്ഥാപനങ്ങള്‍ മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടികളും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് പിന്നീട് അധികാരത്തില്‍ വന്ന ബിജെപി ഒരുപടി കൂടി കടന്ന് ഉത്തരവ് പുതുക്കി.

2018 ഒക്ടോബര്‍ 18ന് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ പുതിയ ഉത്തരവില്‍ കമ്മിറ്റിയെ സംബന്ധിച്ച വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐഎം ഒഴികെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇതുവരെയും ഇതിന് തയ്യാറായിട്ടില്ല. ഉത്തരവ് കൊണ്ടുവന്ന കോണ്‍ഗ്രസോ ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപിയോ ഇതിന് തയ്യാറായിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

1997ല്‍ വൈശാഖ കേസിലെ വിധിയനുസരിച്ച് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സ്ത്രീസുരക്ഷയ്ക്കായി കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇതിന്റെ ചുവടുപിടിച്ചാണ് 2013ല്‍ യുപിഎ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. സ്ത്രീസുരക്ഷയുടെ പേരില്‍ വാചാലരാകുന്ന കോണ്‍ഗ്രസും ബിജെപിയും നിയമം വന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക നടപടികളിലേക്ക് പോലും നീങ്ങിയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.