കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

പ്രതിഷേധം ശക്തമായതോടെ കേസ് തീരും വരെ കുറുവിലങ്ങാട് മഠത്തില്‍ തുടരാന്‍ കന്യാസ്ത്രീകള്‍ക്ക് അനുമതി. അതേ സമയം, സിസ്റ്റര്‍ അനുപമയുടെ പ്രസംഗ ശേഷം പരിപാടി അലങ്കോലപ്പെടുത്താനെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു.

ജലന്തര്‍ രൂപതയില്‍ നിന്നും മാത്രമാണ് ഫ്രാങ്കോ മുളയ്ക്കലിനെ പുറത്താക്കിയിരിക്കുന്നതെങ്കിലും ഇപ്പോഴു ബിഷപ്പ് സ്ഥാനത്ത് തുടരുകയാണ്. ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നും ബിഷപ്പ് സ്ഥാനത്ത് തുടരുന്ന ഫ്രാങ്കോയെ തരം താഴ്ത്തണമെന്ന ആവശ്യവുമാണ് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയതിന് സ്ഥലമാറ്റ നടപടിക്ക് വിധേയരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ സിസ്റ്റര്‍ ജോസഫിന്‍, ആല്‍ഫി,അനുപമ, നീന റോസ് എന്നിവര്‍ കോട്ടയത്തെ പ്രതിഷേധ വേദിയില്‍ എത്തി.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ചലോ അംഗീകരിച്ചതായി സിസ്റ്റര്‍ അനുപമ അറിയിച്ചു. ഇത് സംബന്ധിച്ച ഇമെയില്‍ ലഭിച്ചതായും അവര്‍ വ്യക്തമാക്കി.

സിസ്റ്റര്‍ അനുപമയുടെ പ്രസംഗ ശേഷം പരിപാടി അലങ്കോലപ്പെടുത്താന്‍ ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്ന വിഭാഗം ശ്രമം നടത്തി. ഇത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here