രാജ്യത്തെ ഏറ്റവും കൗതുകമുണര്‍ത്തിയതും ചരിത്ര പ്രസിദ്ധവുമായ പാമ്പന്‍ പാലം ഓര്‍മ്മയാകുന്നു.

104 വര്‍ഷം പഴക്കമുള്ള പാലത്തിന് പകരം പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള മൂവിങ് ബ്രിഡ്ജാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്.

പുതിയ പാലത്തില്‍ ഓട്ടോമാറ്റിക് ലിഫ്റ്റിങ് സൗകര്യവുമുണ്ടാകും. ഇത്തരത്തിലൊരു സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ്.

ചരക്ക് കപ്പലുകള്‍ക്ക് കടന്നു പോകുന്നതിനായി ഇരുവശത്തേക്കും ഉയര്‍ത്താനാകുന്ന തരത്തിലായിരുന്നു നിലവിലെ പാലത്തിന്റെ നിര്‍മ്മിതി.

നിര്‍മ്മാണം ആരംഭിക്കുന്ന പുതിയ പാലത്തിന്റെ മാതൃക പുറത്ത് വിട്ടിരിക്കുന്നത് റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ്.

പോസ്റ്റിനൊപ്പം പുതിയ പാലത്തിന്റെ മാത്യകയുടെ ദൃശ്യവും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

‘എപ്പോഴെങ്കിലും ഒരു മൂവിങ് ബ്രിഡ്ജ് കണ്ടിട്ടുണ്ടോ? ഇന്ത്യയുമായി രാമേശ്വരത്തെ ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലത്തില്‍ ഇരുവശത്തേയ്ക്കും കപ്പലുകള്‍ക്ക് സുഗമമായി സഞ്ചാരം സാധ്യമാക്കുന്ന തരത്തില്‍ മുകളിലേയ്ക്ക് ഉയരുന്ന ലിഫ്റ്റ് സ്പാന്‍ സംവിധാനം ഉടന്‍ വരുന്നു.” എന്നാണ് പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുനേനതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 250 കോടിയാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി നീക്കി വെച്ചിരിക്കുന്നത്. പുതിയ പാലത്തിന്റെ നിര്‍മ്മാണം നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

പാമ്പന്റെ ചരിത്രം

രാജ്യത്തെ മികച്ച എഞ്ചിനീയറിങ് വിസ്മയങ്ങലൃളില്‍ ഒന്നാണ് പാമ്പന്‍ പാലവും. കാഴ്ച്ചക്കാര്‍ക്ക് വിസ്മയമാകുന്ന പാമ്പന്‍ പാലം 104 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1914 ല്‍ ബ്രിട്ടീഷുകാരാണ് നിര്‍മ്മിച്ചത്.

1911 ല്‍ ആണ് പാക് കടലിടുക്കിന് മുകളിലൂടെ 2 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ട്രാക്കിന്റെയും പാലത്തില്‍റെയും നിര്‍മ്മാണം ആരംഭിച്ചത്.

തങ്ങളുടെ അധീനതിയിലുള്ള രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം സുഖമമാക്കുന്നതിന് വേണ്ടിയാണ് ബ്രീട്ടീഷുകാര്‍ ശ്രീലങ്കയിലെ തലൈമന്നാറിനോട് അടുത്ത് കിടക്കുന്ന പ്രദേശമായ ധനുഷ്‌കോടിയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്.

പാലത്തിന്റെ മധ്യഭാഗത്തായി ചരക്കുമായെത്തുന്ന കപ്പലുകള്‍ക്ക് കടന്നു പോകാനാകുന്ന തരത്തില്‍ പാലം രണ്ടായി പിളര്‍ന്ന് ഇരുവശങ്ങളിലേയ്ക്കും ഉയരുകയും ട്രെയിന്‍ കടന്നു പോകുമ്പോള്‍ പഴയപടിയാവുകയും ചെയ്യുന്ന പാലം കാഴ്ച്ചയുടെ വിസ്മയമായിരുന്നു.

1964 ല്‍ കാറ്റെടുത്ത ധനുഷ്‌കോടി

ഡിസംബര്‍ 23 ന് അര്‍ദ്ധരാത്രിയോടെ രൗദ്രഭാവം പൂണ്ട അതിശക്തമായ ചുഴലിക്കാറ്റ് ധനുഷ്‌കോടി എതാണ്ട് പൂര്‍ണ്ണമായും തൂത്തെറിഞ്ഞു.

കടലും കാറ്റും സംഹാരരൂപം കൊണ്ടതറിയാതെ 115 യാത്രക്കാരുമായി ട്രെയിന്‍ കുതിച്ചെത്തിയ പാമ്പന്‍ ധനുഷ്‌കോടി പാസഞ്ചര്‍ ട്രെയിനടക്കം കടലെടുത്തു.

ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന് ശേഷം റെയില്‍ വേ ലൈന്‍ രാമശേര്വത്ത് അവസാനിപ്പിച്ചു. 1964ലെ ചുഴലിക്കാറ്റില്‍ പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു.

പാമ്പനെ രാമനാഥപുരവുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാലത്തിന്റെ കോട്ടം തട്ടാത്ത ഭാഗങ്ങള്‍ നിലനിര്‍ത്തിയാണ് പുതുക്കിയെടുത്തത്. ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള പാലം പണിതത്.

പുതിയ പാലം വരുന്നതോടെ രാമേശ്വരത്ത് അവസാനിപ്പിച്ച ട്രെയിന്‍ സര്‍വ്വീസ് ധനുഷ്‌കോടി വരെ നീട്ടുമെന്നാണ് പറയുന്നത്.