ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മലയാളിയായ ഒവിയ ഹെലന്‍. നടന്‍ ബാബുരാജ് സംവിധാനം ചെയ്ത മനുഷ്യമൃഗം എന്ന ചിത്രത്തിലൂടെ ഒവിയ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഒവിയ നായികയാകുന്ന പുതിയ ചിത്രമാണ് 90 എംഎല്‍.

ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസമാണ് നടന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സ്വതന്ത്രരായി ജീവിക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികളുടെ കഥ അവരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് സംവിധായിക അനിത ഉദീപ്. ഈ പെണ്‍കുട്ടികളുടെ നേതാവായാണ് ഒവിയ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രണയം, വിവാഹം, ലൈംഗികത എന്നിവയെല്ലാം പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളുമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിമ്പുവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അതിഥി വേഷത്തില്‍ ചിമ്പു ഈ ചിത്രത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

90 എം എല്‍ കൂടാതെ രാഘവ ലോറന്‍സിന്റെ കാഞ്ചന 3, കളവാണി 2 എന്നിവയാണ് ഓവിയയുടെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.