ഫെബ്രുവരി 25നകം ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. സിറ്റിംഗ് എംപിമാര്‍ക്ക് ആദ്യ പരിഗണന നല്‍കും.

എംഎല്‍എ മാരെ മത്സരിപ്പിക്കേണ്ടെന്നും, ഒരു കുടുബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതിയെന്നും തീരുമാനം. റഫാല്‍ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

കേരളത്തില്‍ ഉള്‍പ്പെടെ ഗ്രൂപ്പ് പോരിനെയും ജാതി മത സമവാക്യങ്ങളെയും മറികടന്ന് രണ്ടാഴ്ചയ്ക്കകം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക എന്ന വെല്ലുവിളിയാണ് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി വച്ചിരിക്കുന്നത്.

ഫെബ്രുവരി 25നകം സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ഹൈക്കമന്റിന് നല്കാനാണ് രാഹുല്‍ പി സി സികള്‍ക്ക് നല്‍കിയ നിര്‍ദേശം.

റഫാല്‍ മുഖ്യ പ്രചാരണമാക്കി മോദി സര്‍ക്കാരിന്റെ അഴിമതിയിലൂന്നി പ്രചരണം ശക്തമാക്കാനും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗത്തില്‍ രാഹുല്‍ നിര്‍ദേശിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊതു മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിറ്റിംഗ് സീറ്റില്‍ നിലവിലെ എം പി മാര്‍ക്ക് ആദ്യ പരിഗണന നല്‍കും. അവര്‍ക്ക് താല്പര്യം ഇല്ലെങ്കില്‍ മറ്റുള്ളവരെ പരിഗണിക്കും. മറ്റിടങ്ങളില്‍ 3 പേരുടെ ചുരുക്ക പട്ടികയാണ് നല്‍കേണ്ടത്.

സിറ്റിംഗ് എം എല്‍ എ മാരെയും പരിഗണിക്കേണ്ടെന്നാണ് തീരുമാനം. കേരളത്തിലും ഇത് ബാധകമാകും.

ഒരു കുടുബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി, ജാതി മത ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് ഉപരിയായി വിജയ സാധ്യത മാത്രമാകും മാനദണ്ഡം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

18ന് യു ഡി എഫിലെ ഘടക കക്ഷികളുമായി കോണ്‍ഗ്രസ് ഉഭയ കക്ഷി ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥികളെ ഉടന്‍ തീരുമാനിച്ച് ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു പടി മുന്നില്‍ എത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.