റഫേല്‍ ഇടപാട്: നിര്‍ണ്ണായകമായ സിഎജി റിപ്പോര്‍ട്ട് ബുധനാഴ്ച്ച പാര്‍ലമെന്റില്‍; പകര്‍പ്പ് നാളെ രാഷ്ട്രപതിയ്ക്ക് കൈമാറും

ദില്ലി: റഫാലില്‍ നിര്‍ണ്ണായകമായ സി.എ.ജി റിപ്പോര്‍ട്ട് ബുധനാഴ്ച്ച പാര്‍ലമെന്റിന്റെ മേശപുറത്ത് വയ്ക്കും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നാളെ രാഷ്ട്രപതിയ്ക്ക് കൈമാറും. സി.എജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. റഫാല്‍ കരാറും വിലവിവരങ്ങളും അടങ്ങുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്.

കരാറിലും വില നിശ്ചയിക്കുന്നതിലും ക്രമക്കേട് ചൂണ്ടികാട്ടി പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റല്‍ ജനറല്‍ റഫാല്‍ പ്രതിരോധ കരാര്‍ പരിശോധിച്ചത്. റിപ്പോര്‍ട്ട് പൂര്‍ത്തിയായതായി സി.എ.ജി വൃത്തങ്ങള്‍ അറിയിച്ചു.ചട്ടപ്രകാരം ഇത് രാഷ്ട്രപതിയ്ക്ക് കൈമാറും.

രാഷ്ട്രപതി ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ അദ്ധ്യക്ഷനും നല്‍കുന്ന റിപ്പോര്‍ട്ട് , നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് ദിവസമായ ബുധനാഴ്ച്ച് ഇരുസഭകളിലും വയ്ക്കാനാണ് തീരുമാനം.

റഫേല്‍ കരാര്‍ തയ്യാറാകുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ചോയെന്നും, വില നിശ്ചയിച്ചതില്‍ ക്രമക്കേട് ഉണ്ടോയെന്നും സി.എജി വിശദമായി പരിശോധിച്ചെന്നാണ് സൂചന.ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നടക്കമുള്ള രേഖകള്‍ സി.എ.ജി. ശേഖരിച്ചിരുന്നു.

പരിശോധനയുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ , സി.എ.ജി നിര്‍ദേശങ്ങള്‍ എല്ലാം അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. സഭയ്ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും പരിശോധിക്കും.

നിലവില്‍ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി അദ്ധ്യക്ഷന്‍ കോണ്‍ഗ്രസ് നേതാവ് മല്ലിഗാര്‍ജു ഗാര്‍ഗെയാണ്. സി.എ.ജി കണ്ടെത്തലുകളില്‍ റഫാല്‍ കരാരില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന് അത് വലിയ തിരിച്ചടിയാകും.

പക്ഷെ പാര്‍ലമെന്റിന്റെ അവസാന ദിനം വയ്ക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയ്ക്ക് സമയം ലഭിക്കുമോയെന്ന് സംശയമുണ്ട്. സഭ കഴിയുന്നയുടന്‍ തിരഞ്ഞെടുപ്പ് തിരക്കുകളിലേയ്ക്ക് കടക്കും.അക്കൗണ്ടസ് കമ്മിറ്റി അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളിലായിരിക്കും.

ടുജി സ്പെക്ട്രം കേസില്‍ സി.എജിയാണ് വന്‍ അഴിമതി പുറത്ത് കൊണ്ട് വന്നത്.റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയെന്ന് വിവരം പുറത്ത് വന്നത് കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.എജി.റിപ്പോര്‍ട്ടും പൂര്‍ത്തിയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News