110 വര്‍ഷത്തെ പാരമ്പര്യം കൈമുതലാക്കി ബുഗാട്ടി യാത്ര തുടരുന്നു. പാരമ്പ്ര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മറ്റൊരു മോഡല്‍ കൂടി ഇറക്കി വാഹനപ്രേമികളുടെ മനം കവരുകയാണ് ബുഗാട്ടി.

അവരുടെ പ്രത്യേക ഷിറോണ്‍ സ്‌പോര്‍ട് എഡിഷന്‍ പുറത്തിറങ്ങി. ഷിറോണ്‍ ‘110 ആന്‍സ് ബുഗാട്ടി’ എന്നാണ് പേര്. ഫ്രാന്‍സിന്റെ ത്രിവര്‍ണ്ണ പതാകയെ ആധാരമാക്കിയാണ് ഹൈപ്പര്‍കാറിന്റെ ഒരുക്കം.

ആകെ 20 ഷിറോണ്‍ ‘110 ആന്‍സ് ബുഗാട്ടി’ യൂണിറ്റുകള്‍ മാത്രമെ കമ്പനി പുറത്തിറക്കുകയുള്ളൂ. കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത ബോഡിയില്‍ വിഖ്യാത ബുഗാട്ടി ലൈന്‍ കാണാം.

അലൂമിനിയം നിര്‍മ്മിത ബുഗാട്ടി റേഡിയേറ്ററും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. അലോയ് വീലുകളില്‍ പൂശിയിട്ടുള്ള മാറ്റ് ബ്ലാക്ക് നിറം ആന്‍സ് എഡിഷന് കോണ്‍ട്രാസ്റ്റ് പ്രഭാവമേകുന്നു.

തിളക്കമുള്ള നീല നിറമാണ് ബ്രേക്ക് കാലിപ്പറുകള്‍ക്ക്. പോളിഷ് ചെയ്ത അലൂമിനിയം ഫില്ലര്‍ ക്യാപ്പും കാറില്‍ പരാമര്‍ശിക്കണം. പിറകില്‍ ഡിഫ്യൂസറിന്റെയും ബമ്പറിന്റെയും നീലത്തിളക്കം ഒറ്റനോട്ടത്തിലെ കണ്ണിലുടക്കും. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന് മാറ്റ് ബ്ലാക്ക് ശൈലി നല്‍കാനാണ് കമ്പനി തീരുമാനിച്ചത്.