തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ചില തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാരുടെ കെണിയില്‍ വീഴാതെ യുവതലമുറ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കൊച്ചി കുസാറ്റില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീ സമത്വം മനുഷ്യ സമത്വം തന്നെയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിരഹിതരും, മാതാപിതാക്കളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യയുടെ കോളനിയാകുന്നതിന് പകരം ഉപജ്ഞാതാക്കളും സാധ്യതകളുടെ പ്രയോക്താക്കളുമാകുന്നതിന് കേരളീയ സമൂഹം സജ്ജസജ്ജമാകണം ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ടി കാത്തിരിക്കാതെ ചട്ടക്കൂടുകള്‍ ഭേദിച്ച് മുന്നേറാന്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള യുവതലമുറയ്ക്ക് കഴിയണം.

ലോകത്ത് സംഭവിച്ചിട്ടുള്ള മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥിസമൂഹം നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. വിജ്ഞാനം കൂടുതലായി ആര്‍ജിക്കുന്നവര്‍ പൊതുസമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഇക്കാലത്ത് നാടിന്റെ വൈദഗ്ധ്യ നിര്‍മിതിയുടെ കേന്ദ്രമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിക്കണം.

ഈ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടു പോകേണ്ടത് വിദ്യാര്‍ത്ഥികളുടെ മാത്രമല്ല നാടിന്റെ തന്നെ ഉയര്‍ച്ചക്കും അനിവാര്യമാണ്. അതുകൊണ്ടു തന്നെ പ്രൊഫഷണല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത മികവുറ്റതാക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കും.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളാണ് ലോകത്തുണ്ടാകാന്‍ പോകുന്നത്. ഡ്രൈവര്‍മാരില്ലാത്ത വാഹനങ്ങള്‍ വരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രംഗങ്ങളെയും കീഴ്പ്പെടുത്തും. ഇത് ഏറെ ബാധിക്കുക ദരിദ്രരാജ്യങ്ങളെയാണ്.

ലാഭം കുറച്ചു പേരിലേക്ക് ഒതുങ്ങുകയും വലിയ വിഭാഗത്തിന് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യും. ഇതിന് പ്രതിവിധി നിര്‍ദേശിക്കേണ്ടത് രാഷ്ട്രീയക്കാരല്ല, സാങ്കേതികവിദഗ്ധരാണ്.

ഇന്റര്‍നെറ്റ് സാര്‍വത്രികമാകുന്നതോടെ ഡിജിറ്റല്‍ വിടവ് കുറയുമെങ്കിലും മറ്റ് പലതും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകരുത്.

പ്രൊഫഷണല്‍ വിദ്യാഭ്യാസം കാലാനുസൃതമാക്കുന്നതിനും കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍സജ്ജരാക്കുന്നതിനും സിലബസ് വര്‍ഷം തോറും പരിഷ്‌കരിക്കും. എല്ലാ മേഖലകളിലും ആശയങ്ങളുടെ സമാഹൃതശൃംഖലകളുണ്ടാകണം. വിവിധ മേഖലകള്‍ പരസ്പരം സഹകരിക്കണം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ ഡോ. സന്ദീപ്.പി.ത്രിവേദി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു.

ജസ്റ്റിസ് വി. ഗോപാലഗൗഡ, ഡോ. എം.എസ്. വല്യത്താന്‍, ഡോ. സൗമ്യ സ്വാമിനാഥന്‍, ഡോ. എന്‍.ആര്‍. മാധവമേനോന്‍, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. ബി. ഇക്ബാല്‍, ഡോ വി.കെ. രാമചന്ദ്രന്‍ തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News