ഇത് ചരിത്ര നിമിഷം; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആയിരംദിനംകൊണ്ട് ലക്ഷത്തിലേറെപേരെ ഭൂമിയുടെ അവകാശികളാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആയിരംദിനംകൊണ്ട് ലക്ഷത്തിലേറെപേരെ ഭൂമിയുടെ അവകാശികളാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രംകുറിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എല്ലാ കുരുക്കുമഴിച്ച് 1,02,681 പേര്‍ക്ക് പട്ടയം നല്‍കി. 3000 പേര്‍ക്കുകൂടി അടുത്തദിവസം പട്ടയം നല്‍കും.

‘ആയിരംദിനം’ ആഘോഷത്തിന്റെ ഭാഗമായി അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകളിലും റവന്യൂ ഉദ്യാഗസ്ഥര്‍ക്ക് ചുമതല നല്‍കി. ഇതോടൊപ്പം സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. വിവിധ സ്ഥലങ്ങളില്‍ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ 203 ഹെക്ടര്‍ ഭൂമി ഒഴിപ്പിച്ചു.

തൃശൂര്‍ ജില്ലയിലാണ് ഈ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയത്, ഇതുവരെയായി 30123 എണ്ണം. ഇടുക്കിയില്‍ 20354 പട്ടയം നല്‍കി. ഇതില്‍ ജനുവരി 23ന് മാത്രം 1167.65 ഹെക്ടറില്‍ 6065 പട്ടയം നല്‍കി. മലപ്പുറം ജില്ലയില്‍ ഇതുവരെ 16, 400 പട്ടയം നല്‍കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പല പട്ടയങ്ങളും തര്‍ക്കത്തിനിടയാക്കിയിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു പരിശോധനയും നടത്താതെ തോന്നുംപോലെ പട്ടയം നല്‍കി. ഭൂരഹിതരില്ലാത്ത (സീറോ ലാന്‍ഡ്‌സ് പട്ടയം) പദ്ധതിയുടെ ഭാഗമായുള്ളതില്‍ പലതും വ്യാജനായിരുന്നു. പലരും ഇപ്പോഴും തങ്ങളുടെ ഭൂമി അന്വേഷിച്ചു നടക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യമാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കുറേ സമയം നഷ്ടമായി. ഏറെ വൈകിയാണ് പട്ടയം നല്‍കുന്ന നടപടികളിലേക്ക് കടക്കാനായത്.

അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ ഉറപ്പുനല്‍കിയിരുന്നു. ഇതുപ്രകാരം എല്ലാ ജില്ലകളിലും ഭൂപരിഷ്‌കരണം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് പട്ടയവിതരണത്തിന്റെ ചുമതല നല്‍കി. രേഖകള്‍ പരിശോധിക്കാന്‍ അദാലത്തും നടത്തി. തുടര്‍ന്നാണ് പട്ടയമേള നടത്തിയത്. ഇതിനുപുറമെ ലഭിക്കുന്ന അപേക്ഷകളില്‍ അപ്പപ്പോള്‍ത്തന്നെ പട്ടയം നല്‍കുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും മേല്‍നോട്ടം വഹിക്കുന്നു.

സഫലമായത് പതിറ്റാണ്ടുകളുടെ സ്വപ്‌നം

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നല്‍കിയ പട്ടയങ്ങളിലധികവും വര്‍ഷങ്ങളുടെ നിയമക്കുരുക്കഴിച്ച്. ഇതിനായി പ്രത്യേക ചുമതലതന്നെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഇതില്‍ ഏറ്റവും പ്രധാനം ഇടുക്കി പദ്ധതിപ്രദേശത്തെ പത്തുചങ്ങലയില്‍ മൂന്നുചങ്ങല വിട്ടുള്ള പ്രദേശത്ത് നല്‍കിയ പട്ടയമാണ്. (ഇടുക്കി ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ പണ്ടുകാലത്ത് ഒരുചങ്ങല, രണ്ട് ചങ്ങല എന്നിങ്ങനെയായിരുന്നു അളവ്. ഇതില്‍ 10 ചങ്ങല പ്രദേശംവരെ പട്ടയം നല്‍കിയിരുന്നില്ല. ഈ കണക്ക് മാറ്റി, ഏഴ് ചങ്ങലവരെ അളവില്‍ ഇപ്പോള്‍ പട്ടയമനുവദിച്ചു). പ്രത്യേക ഉത്തരവിറക്കിയാണ് ഈ പട്ടയം നല്‍കിയത്. അര നൂറ്റാണ്ടായി ഇവര്‍ പട്ടയത്തിനായി കാത്തിരിപ്പായിരുന്നു.

എറണാകുളം ചേരാനല്ലൂരില്‍ 179 പട്ടയം നല്‍കിയതും പ്രത്യേക ഉത്തരവിറക്കിയാണ്. വര്‍ഷങ്ങളായി രണ്ടും നാലും സെന്റില്‍ താമസിച്ചുവരികയായിരുന്നു ഈ കുടുംബങ്ങള്‍. തൃശൂര്‍ കൈപ്പമംഗലത്ത് അഴീക്കോട് വില്ലേജിലെ 23 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും പത്തനംതിട്ട അത്തിക്കയം വില്ലേജിലെ 32 ഏക്കറിലെ കൈവശാവകാശക്കാര്‍ക്കും പട്ടയം നല്‍കി. കല്ലട പദ്ധതിക്കായി സാംനഗറില്‍ ഭൂമി വിട്ടുനല്‍കിയവര്‍ക്കും തുമ്പയില്‍ ഐഎസ്ആര്‍ഒക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്കും പട്ടയം ലഭിച്ചതും ഈ അടുത്താണ്.

തൃശൂര്‍ ചിമ്മിനി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെട്ട പട്ടിക വര്‍ഗ കുടുംബളുടെ പുനരധിവാസത്തിന് 7.5 ഏക്കര്‍ അധികമായി വാങ്ങാന്‍ കലക്ടര്‍ക്ക് അനുമതി നല്‍കി. അട്ടപ്പാടി മേഖലയിലെ ആറു വില്ലേജുകളിലെ ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കാന്‍ ഒരു സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് ആരംഭിക്കാനുള്ള നടപടിയും തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News