റഫാല്‍ കരാറില്‍ നിന്നും അഴിമതി നിരോധന ചട്ടം മോദി ഒഴിവാക്കി; ഒഴിവാക്കിയത് കരാറില്‍ അനധികൃത ഇടപെടല്‍ നടത്തിയാല്‍ പിഴ ഈടാക്കുന്ന ചട്ടം

റഫാല്‍ കരാറില്‍ നിന്നും നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതി നിരോധന ചട്ടം ഒഴിവാക്കി. കരാറില്‍ അനധികൃത ഇടപെടല്‍ നടത്തിയാല്‍ പിഴ ഈടാക്കുന്ന ചട്ടമാണ് ഒഴിവാക്കിയത്.

കരാര്‍ പണം കൈമാറാനുള്ള അക്കൗണ്ടിലുള്ള നിയന്ത്രണത്തിലും ഭേദഗതി വരുത്തിയെന്നും രേഖകള്‍. ഫ്രാന്‍സുമായി കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ധൃതിപിടിച്ച് പ്രതിരോധ കരാറില്‍ ഭേദഗതി കൊണ്ട് വന്നത്.

ദസോള്‍ട്ട് ഏവിയേഷനും ഇന്ത്യയിലെ പങ്കാളി അനില്‍ അമ്പാനിയ്ക്കും സഹായകരമായ ഭേദഗതിയാണ് റഫേല്‍ പ്രതിരോധ കരാറില്‍ അവസാന നിമിഷം നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ട് വന്നത്.അഴിമതി നിരോധന ചട്ടം കരാറില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി.

അനധികൃത ഇടപെടല്‍ നടത്തുന്ന ഇടനിലക്കാര്‍,ക്രമക്കേട് കണ്ടെത്തിയാല്‍ കരാര്‍ ഒപ്പിട്ട കമ്പനി എന്നിവരില്‍ നിന്നും പിഴ ഈടാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്ന ചട്ടമാണ് എടുത്ത് കളഞ്ഞത്.2016 സെപന്റബര്‍ 23ന് ഫ്രാന്‍സും -ഇന്ത്യയും റഫാല്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിലാണ് ഭേദഗതി വരുത്തി കൊണ്ട് കരാറില്‍ മാറ്റം വന്നത്.

റഫേല്‍ ഒപ്പിടുന്നതിന് തൊട്ട് മുമ്പുള്ള മാസമായ ആഗസ്റ്റ് 14ന് മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് സുരക്ഷയ്ക്കായുള്ള മന്ത്രിസഭ സമിതി അഴിമതി നിരോധന ചട്ടം എടുത്ത് മാറ്റാനുള്ള അനുബന്ധ രേഖകള്‍ക്ക് അംഗീകാരം നല്‍കി. തൊട്ടടുത്ത മാസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്ക്വേസേന്‍ സമിതി അഴിമതി ചട്ടമടക്കം എട്ട് ഭേദഗതികള്‍ വരുത്തി കരാറിന് അന്തിമ അനുമതി നല്‍കിപ്രതിരോധ കരാര്‍ പ്രകാരമുള്ള അക്കൗണ്ട് സംബന്ധിച്ചും ചട്ടങ്ങിലും ഭേദഗതി വരുത്തിയിട്ടുണ്ട്.

പ്രതിരോധ നിയമം പ്രകാരം കരാര്‍ പണം കൈമാറാന്‍ പൊതു ബാങ്ക് അക്കൗണ്ടാണ് രൂപീകരിക്കുക. കരാര്‍ കാലയളവില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ നിക്ഷേപിച്ച പണം പോലും അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇതിലും മോദി സര്‍ക്കാര്‍ മാറ്റം വരുത്തി.

ദസോള്‍ട്ട് ഏവിയേഷന് അനുകൂലമാക്കി മാറ്റിയെന്നും ദി ഹിന്ദു ദിനപത്രം പുറത്ത് കൊണ്ട് വന്ന രേഖകള്‍ വ്യക്തമാക്കുന്നു. വിമാനവിലസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയെന്ന വിവരം സുപ്രീംകോടതിയില്‍ നിന്നും മറച്ച് വച്ചതിന് സമാനമായി കരാറില്‍ അവസാന നിമിഷം കൊണ്ട് വന്ന ഭേദഗതിയെക്കുറിച്ചുള്ള വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറയിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here