അമ്മമാര്‍ മക്കളെ വഴക്കു പറയുന്നതും രണ്ടുതല്ലുന്നതും ഒരു പുതുമയേ അല്ല. പ്രത്യേകിച്ച് ആണ്‍മക്കളും അമ്മമാരും തമ്മിലുള്ള കെമിസ്ട്രിയുടെ ഒരു ഗുട്ടന്‍സ് തന്നെ ഇത്തരം ഇണക്കങ്ങളും പിണക്കങ്ങലുമാണ്.

ഈ വഴക്കും ഉപദേശവുമൊക്കെ കേള്‍ക്കാന്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ലെങ്കിലും പറയുന്നത് അമ്മമാരാകുമ്പോള്‍ അത് ഇത്തിരി സ്‌പെഷ്യല്‍ തന്നെയാണ്.

അമ്മയുടെ വായില്‍ നിന്ന് രാവിലെ തന്നെ എന്തെങ്കിലും ഒന്ന് കേട്ടില്ലെങ്കില്‍ ഒരു സമാധാനമില്ലെന്ന് നമ്മളില്‍ പലരും ഒരിക്കലെങ്കിലും പറഞ്ഞിരിക്കും.

അത്തരമൊരു വഴക്ക് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതിന്റെ പിന്നിലെ രഹസ്യവും ഇതു തന്നെ.

കാലത്തെഴുന്നേറ്റതു മുതല്‍ ഫോണുമായി സമയം കളയുന്ന മകനെ ഉപദേശിക്കുന്ന അമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്.

ഒരു പരീക്ഷകൂടി ബാക്കിയുള്ളപ്പോള്‍ പഠിക്കാതെ ഉഴപ്പിനടക്കുന്ന മകനെ വഴക്കു പറയുന്നത് വളരെ രസകരമായാണ്.

സ്‌നേഹം കലര്‍ന്ന ശകാരം അമ്മയറിയാതെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

മാതാപിതാക്കള്‍ മക്കളെ വഴക്കു പറഞ്ഞാലോ അടിച്ചാലോ സഹിക്കാനാകാതെ കടുംകൈ ചെയ്യുന്ന ഒരു തലമുറ വളര്‍ന്നു വരുമ്പോള്‍ ഇത്തരം രസകരമായ ആചാരങ്ങളും കാണാന്‍ കിട്ടുന്നത് ആശ്വാസകരമാണ്.