നമ്മുടെ നാടിനെ ഇരുണ്ട യുഗത്തിലേക്ക് തളളിയിടാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ സാമൂഹ്യ മുന്നേറ്റങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നവോത്ഥാന കാലത്തെ എ‍ഴുത്തുകാരില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവോത്ഥാന കാലത്തെ എ‍ഴുത്തുകാര്‍ മനുഷ്യമനസ്സിലുളള ഇരുട്ടകറ്റാനാണ് ശ്രമിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുളള എ‍ഴുത്തുകാര്‍ ഇന്നാണ് ജീവിച്ചിരുന്നതെങ്കില്‍ അവരുടെ പല കൃതികള്‍ക്കും നേരെ ആക്രമണം ഉണ്ടാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിനെ ഇരുണ്ട യുഗത്തിലേക്ക് തളളിയിടാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ആ പ്രതിരോധമാണ് വനിതാ മതിലിലൂടെ കണ്ടത്. ഇത്തരം സാമൂഹ്യ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃതി പുസ്തകോത്സവത്തില്‍ സംഘടിപ്പിച്ച നവകേരളം, നവോത്ഥാനം, സഹകരണം എന്നീ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള കാര്‍ട്ടൂണിന്‍റെ നൂറാം വാര്‍ഷികത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന നൂറ്റാണ്ടിന്‍റെ കാര്‍ട്ടൂണ്‍ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് യേശുദാസ്, സംവിധായകന്‍ ജയരാജ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

നായനാര്‍ സ്മൃതി എന്ന പുസ്തകത്തിന്‍റ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. പ്രൊഫ. എം കെ സാനുമാഷ് മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. മറൈന്‍ഡ്രൈവില്‍ നടക്കുന്ന പുസ്തകമേള സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. മന്ത്രി കടകംപളളി സുരേന്ദ്രന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് എന്നിവര്‍ പങ്കെടുത്തു.