ഐപിഎസുകാരെ അടിച്ച് തോല്‍പ്പിച്ച് സിനിമാ താരങ്ങള്‍. തിരുവനന്തപുരം പ്രസ് ക്‌ളബ് സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മല്‍സരത്തിലാണ് ഐപിഎസുകാരെ സിനിമാ താരങ്ങള്‍ തോല്‍പ്പിച്ചത്.

കളിയില്‍ തോറ്റ പോലീസുകാര്‍ക്ക് മെമ്മോ നല്‍കുമെന്നായിരുന്നു കളി കണ്ട ശേഷം ഡിജിപി ലോക്‌നാഥ് ബെഹറയുടെ തമാശ നിറഞ്ഞ പ്രതികരണം

കാക്കിയിട്ടവരും കലാകാരന്‍മാരും തമ്മില്‍ ഏറ്റുമുട്ടിയ സൗഹൃദ ക്രിക്കറ്റ് മല്‍സരത്തിലാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ തോല്‍പ്പിച്ച് സിനിമാക്കാര്‍ വിജയിച്ചത്.

എഡിജിപി മനോജ് ഏബ്രഹാം മുതല്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് വരെ അണിനിരന്ന ഐപിഎസ് ടീമിനാണ് ടോസ് ലഭിച്ചത്. പ്രതീകാത്മകമായി ഡിജിപി ലോക്‌നാഥ് ബെഹറ ബാറ്റ് കൊണ്ട് പന്ത് തട്ടിയതോടെ കളിക്ക് തുടക്കമായി

ബാറ്റിംഗ് തിരഞ്ഞെടുത്ത ഐപിഎസ് ടീമിനെ സംവിധായകന്‍ എം എ നിഷാദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ സിനിമാ ഇലവന്‍ പന്തുകള്‍ കൊണ്ട് വരിഞ്ഞ് മുറുക്കി. എന്നാല്‍ അവസാന ഓവറുകളില്‍ ഐപിഎസ് ട്രെയിനി ഇളങ്കോയും എഡിജിപി ആനന്തകൃഷ്ണനും, ഐജി വിജയ് സാഖറെയും പൊരുതി കളിച്ചതോടെ 12 ഓവറില്‍ 71 റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിനിമാ താരങ്ങള്‍ നസീര്‍ മിന്നലെയും, ഷെഫീക്കും ചേര്‍ന്ന് അനായാസം വിജയത്തിലേക്ക് എത്തിച്ചു. ദിനേന്ദ്യ കശ്യപ് എടുത്ത മനോഹരമായ ക്യാച്ചും, കീപ്പര്‍ വിജയ് സാഖറെ നടത്തിയ സ്റ്റംബിങ്ങും വഴി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഏട്ട് വിക്കറ്റിന്റെ അനായാസ വിജയം സിനിമാ താരങ്ങള്‍ കരസ്ഥമാക്കി.

കളിയില്‍ തോറ്റ പോലീസുകാര്‍ക്ക് മെമ്മോ നല്‍കുമെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹറയുടെ തമാശ നിറഞ്ഞ പ്രതികരണം

തിരുവനന്തപുരം പ്രസ്‌ക്‌ളബ് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ഏഷ്യനെറ്റിനെ തോല്‍പ്പിച്ച് മാതൃഭൂമി വിജയികളായി .വിജയികള്‍ക്കും പങ്കെടുത്തുവര്‍ക്കുമുളള സമ്മാനദാനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. രഞ്ജി താരം സോണി ചെറുവത്തുര്‍ പ്രസ് ക്‌ളബ് ഭാരവാഹികളായ പ്രമോദ്, രാധാകൃഷ്ണന്‍ എന്നീവര്‍ സംസാരിച്ചു