ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; നരേന്ദ്ര മോദിയുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ നാലുലക്ഷത്തോളം പേരുടെ കുറവ്

ന്യൂഡൽഹി: ട്വിറ്ററുമായി ബിജെപിയും കേന്ദ്രസർക്കാരും കൊമ്പുകോർത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുടരുന്നവരുടെ (ഫോളോവർമാർ) എണ്ണത്തിൽ നാലുലക്ഷത്തോളം പേരുടെ കുറവുവന്നതായി റിപ്പോർട്ട‌്. വ്യാജ അക്കൗണ്ടുൾ നിയന്ത്രിക്കാൻ ട്വിറ്റർ നടപടി സ്വീകരിച്ചതോടെയാണിത‌്.

ലോകവ്യാപകമായി കഴിഞ്ഞ ജൂലൈയിൽ ട്വിറ്റർ നടത്തിയ വ്യാജഅക്കൗണ്ട‌് വേട്ടയിൽ മോഡിക്ക‌് മൂന്ന‌് ലക്ഷത്തോളം ഫോളോവർമാരെ നഷ‌്ടമായി.

തുടർന്ന‌് നവംബറിൽ ഇന്ത്യൻ വിപണിയിൽ സമാന നടപടി സ്വീകരിച്ചപ്പോൾ ഒരു ലക്ഷത്തിനടുത്ത‌് അക്കൗണ്ടുകൾ കൂടി ഇല്ലാതായി.

തീവ്രവലതുപക്ഷ– ബിജെപി അക്കൗണ്ടുകളെ ട്വിറ്റർ നിയന്ത്രിക്കുന്നെന്ന ആരോപണവും പരാതിയുമാണ‌് -സംഘപരിവാർ മാസങ്ങളായി ഉയർത്തുന്നത‌്.

ഇതിനുപിന്നാലെയാണ‌് ട്വിറ്റർ സിഇഒയോട‌് നേരിട്ട‌് ഹാജരാകാൻ ബിജെപി അംഗം അനുരാഗ‌് താക്കൂർ അധ്യക്ഷനായ വിവര സാങ്കേതികവിദ്യ പാർലമെന്ററി സമിതി ആവശ്യപ്പെട്ടത‌്.

വ്യാജ അക്കൗണ്ട‌് വേട്ടയിൽ അനുരാഗ‌് താക്കൂറിനും ഫോളോവർമാരെ നഷ‌്ടപ്പെട്ടു. ബിജെപി അധ്യക്ഷൻ അമിത‌് ഷാ, കേന്ദ്രമന്ത്രി കിരൺ റിജിജു, ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ‌്, കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവരെ പിന്തുടരുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി.

ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഇൻഫർമേഷൻ ടെക‌്നോളജിയാണ‌് ഇതുസംബന്ധിച്ച‌് പഠനം നടത്തിയത‌്. ബിജെപി ഐടി സെല്ലിനു കീഴിൽ സോഷ്യൽ മീഡിയയിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നും വിവരം പുറത്തുവന്നു.

വിവിധ ജാതി–-മത നാമധാരികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളാണ‌് ഇത്തരത്തിൽ ഉപയോഗിക്കുന്നതെന്ന‌് ബിജെപി ഐടി സെല്ലിലെ മുൻ ജീവനക്കാരൻ മഹാവീറാണ‌് വെളിപ്പെടുത്തിയത‌്.

വ്യാജ അക്കൗണ്ടുകളെയും വ്യാജ വാർത്തകളെയും നിയന്ത്രിക്കാൻ ട്വിറ്റർ, ഫെയ‌്സ‌്ബുക്ക‌്, വാട‌്സ‌ാപ‌് തുടങ്ങിയ സോഷ്യൽ മീഡിയ സംവിധാനങ്ങളെല്ലാം നടപടി സ്വീകരിച്ചു.

ഇതിനായി പ്രത്യേക ഡാഷ‌് ബോർഡും ഫോക്കസ‌് റൂമുമാണ‌് ട്വിറ്റർ തുടങ്ങിയത‌്. ഈ നീക്കങ്ങൾ വ്യാജ അക്കൗണ്ടുകൾക്ക‌് പ്രതിസന്ധി സൃഷ‌്ടിച്ചതോടെയാണ‌് ട്വിറ്ററിനെതിരെ ബിജെപി രംഗത്തുവന്നത‌്.

ട്വിറ്റർ ഇന്ത്യയുടെ ഓഫീസിലേക്ക‌് അക്കൗണ്ടുകൾ ബ്ലോക്കുചെയ്യുന്നതിനെതിരെ ചില സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച‌് നടന്നു.

ട്വിറ്ററിനെതിരെ ഡൽഹി ബിജെപി വക്താവ‌് തേജീന്ദർപാൽ സിങ‌് ബഗ്ഗ പരാതി നൽകി. തുടർന്നാണ‌് ഇന്ത്യൻ പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ച‌് ചർച്ച ചെയ്യാൻ ട്വിറ്ററിനോട‌് പാർലമെന്ററി സമിതി ഹാജരാകാൻ പറഞ്ഞത‌്.

സിഇഒ ജാക്ക‌് ഡോഴ‌്സി നേരിട്ട‌് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന വെല്ലുവിളിയാണ‌് ബിജെപി ഉയർത്തിയത‌്.

തങ്ങൾ രാഷ‌്ട്രീയ ആശയത്തിന്റെ പേരിൽ ഒരു അക്കൗണ്ടും ബ്ലോക്കു ചെയ്യുന്നില്ലെന്നും നിഷ‌്പക്ഷ നിലപാടാണ‌് സ്വീകരിക്കുന്നതെന്നുമാണ‌് ട്വിറ്റർ പ്രതികരിച്ചത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News