മോദി പങ്കെടുത്ത ചടങ്ങിനിടെ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുര കായിക മന്ത്രി മനോജ് കാന്തി ദേബ് വിവാദത്തില്‍.

ദിവസങ്ങള്‍ക്ക് മുന്നെയാണ് പ്രധാനമന്ത്രിയും ത്രിപുര മുഖ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുത്ത പൊതു ചടങ്ങില്‍ വച്ച് കായിക മന്ത്രി വനിതാ മന്ത്രിയോട് മോശമായി പെരുമാറിയത്.

ചടങ്ങിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിച്ചതോടെ ദൃശ്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തുകയും കായിക മന്ത്രിക്കെതിരെ വലിയ പ്രതിഷേധമുയരുകയും ചെയ്തിട്ടുണ്ട്.

ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയതു മുതല്‍ സ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ മറ്റൊരു വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത് ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷം പറഞ്ഞു.

ഉദ്ഘാടന വേദിയില്‍ തിരക്കില്ലാതിരുന്നിട്ടും ചടങ്ങിനിടെ വേദിയുടെ വലതുവശത്ത് നിന്നിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയുടെ ശരീരത്തില്‍ അനാവശ്യമായി കയറിപ്പിടിക്കുന്നതും മന്ത്രി ഇതിനെ ചെറുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു.