റാഫേലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്.രാജ്യസുരക്ഷയുടെ കാര്യത്തില്‍, വിട്ടുവീഴ്ച്ചകള്‍ ഉണ്ടായെന്നും, മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായും ചാരനനുമായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് രാഹുല്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

രാജ്യസുരക്ഷയുടെ കാര്യത്തില്‍, വിട്ടുവീഴ്ച്ചകള്‍ ഉണ്ടായി. റാഫേലുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍, അനില്‍ അംബാനിക്ക് വേണ്ടി അയാള്‍ ചോര്‍ത്തി നല്‍കിയെന്നും, രാഹുല്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകളും, എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശവും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മോദി ഫ്രാന്‌സില്‍ എത്തുന്നതിന് പത്ത് ദിവസം മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫിസിലെത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റഫാല്‍കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് അനില്‍ അമ്പാനിയ്ക്ക് കരാറിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. കരാര്‍ പ്രഖ്യാപനത്തിന് രണ്ടാഴ്ച്ച് മുമ്പ് അനില്‍ അമ്പാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഓഫീസുമായി കൂടിക്കാഴ്ച്ച നടത്തി.പ്രധാനമന്ത്രി ഒപ്പിടാന്‍ പോകുന്ന ധാരണാപത്രത്തിന്റെ വിശദാംശങ്ങളും അനില്‍ അമ്പാനി അറിയിച്ചു.

2015 മാര്‍ച്ച് 9 മുതല്‍ 11 വരെ നടന്ന മോദിയുടെ പാരീസ് സന്ദര്‍ശനത്തിലാണ് റഫാല്‍ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.ഇതിന് രണ്ടാഴ്ച്ച് മുമ്പ് തന്നെയാണ് അനില്‍ അമ്പാനി പാരിസിലെത്തി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫീസുമായി കൂടിക്കാഴ്ച്ച് നടത്തിയത്.

ഫ്രഞ്ച് പ്രതിരോധമന്ത്രിയായിരുന്ന ജീന്‍ ലെ ഡറിയന്റെ മുഖ്യ ഉപദേഷ്ടാവ് ജീന്‍ ക്ലോഡെ മല്ലെറ്റ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. റഫേലില്‍ ധാരണ ഉണ്ടാക്കാനാണ് മോദി എത്തുന്നതെന്ന് അനില്‍ അമ്പാനി ഉദ്യോഗസ്ഥരെ അറിയിച്ചു. രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിടുന്ന ധാരണപത്രത്തിലെ വിശദാംശങ്ങളും അനില്‍ അമ്പാനി ഉദ്യോഗസ്ഥരോട് പങ്കിട്ടുവെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പക്ഷെ ആ സമയത്ത് റഫാലില്‍ ഇന്ത്യന്‍ പങ്കാളി പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്‍ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയിരുന്നത്. വിദേശകാര്യമന്ത്രാലം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇത് വ്യക്തമാക്കിട്ടുണ്ട്.

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയാതിരുന്ന വിവരങ്ങള്‍ അനില്‍ അമ്പാനിയ്ക്ക് ലഭിച്ചത് ദൂരൂഹമെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. അനില്‍ അമ്പാനിയുടെ ഇടനിലക്കാരനെ പോലെയാണ് നരേന്ദ്രമോദി പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ഗാന്ധി ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വിമര്‍ശിച്ചു.

കൂടിക്കാഴ്ച്ചയെ കുറിച്ച് പ്രതികരിക്കാന്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രാലയമോ അനില്‍ അമ്പാനിയോ തയ്യാറായില്ല.വിമാന നിര്‍മ്മാണത്തില്‍ വിദഗ്ദ്ധരായ പൊതുമേഖള സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കി അവസാന നിമിഷമാണ് അനില്‍ അമ്പാനിയെ മോദി കരാറില്‍ പങ്കാളിയാക്കിയത്.

കരാറിനായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ഇടപെടലും, അഴിമതി നിരോധന നിയമം എടുത്ത് മാറ്റിയതും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.