ഈ രാജ്യത്ത് മാറ്റം ആവശ്യമാണ്, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്, ദുഷ്‌കരമായ സമയത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ബംഗാളിലെ കോളേജ് വിദ്യാര്‍ത്ഥിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു.

ബിരുദാനനന്തര ബിരുദമുള്ള യുവാവ് വെറും ബിരുദധാരിയായ തനിക്ക് ഭക്ഷണമെത്തിക്കാന്‍ ഭക്ഷണവിതരണ കമ്പനിയുടെ ഡെലിവെറി ബോയി ആയി വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ ഷൗവിക് ദത്ത ഫേസ്ബുക്കില്‍ ഈ കുറിപ്പ് എഴുതിയത്.

ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയില്‍നിന്ന് ഷൗവിക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ നിമിഷങ്ങളാണ് കുറിപ്പിനാധാരം.. ഷൗവിക്കിന് വീട്ടില്‍ ഭക്ഷണം നല്‍കാനെത്തിയത് മേരാജ് എന്ന വ്യക്തി.

ഭക്ഷണം നല്‍കിയതിന് ശേഷം, കൈകൂപ്പിക്കൊണ്ട് വിറയാര്‍ന്ന ശബ്ദത്തില്‍ മേരാജ് ഗുഡ് റേറ്റിങ് ആവശ്യപ്പെട്ട നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും ലജ്ജ തോന്നിയ നിമിഷമായിരുന്നെന്നും ഷൗവിക് പറയുന്നു.

ഷൗവിക്കിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്,

സൊമാറ്റോയില്‍നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതില്‍ ആദ്യമായി പശ്ചാത്താപം തോന്നിയ ദിവസമാണിന്ന്. ഡെലിവറി ബോയിയായെത്തിയ മേരാജിന്റെ വിദ്യാഭ്യാസയോഗ്യത എന്നെ അമ്പരപ്പിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് എംകോം പാസായ മേരാജ്, പി ജി ഡി എമ്മും നേടിയിട്ടുണ്ട്.

ഹിന്ദിയും ബംഗാളിയും സംസാരിക്കാനറിയാവുന്ന ബിരുദാനന്തര ബിരുദധാരിയായ യുവാവ് ജീവിക്കാനായി ഒരു ബിരുദവിദ്യാര്‍ഥിക്ക് ഭക്ഷണം വിതരണം ചെയ്യേണ്ടി വരുന്നു. എന്തു സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ഷൗവിക് ചോദിക്കുന്നു. നമ്മളെന്താണ് ഈ രാജ്യത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്?

നാമെന്താണ് ഈ സംസ്ഥാനത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്? ഈ രാജ്യത്ത് മാറ്റം ആവശ്യമുണ്ട്. ഈ സംസ്ഥാനത്തിന് മാറ്റം ആവശ്യമുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്, ദുഷ്‌കരമായ സമയത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തിന് മാറ്റം ആവശ്യമാണെന്ന് ആവര്‍ത്തിച്ചെഴുതിയാണ് ഷൗവിക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.