അമ്മയുടെ ഗര്‍ഭപാത്രത്തില്‍ അവള് ഇനി പൂര്‍ണ്ണ ആരോഗ്യവതിയായി വളരും. ബേതന് കാത്തിരിക്കുന്നു പൊന്നോമനയ്ക്കായി.
24 ആഴ്ച്ച മാത്രം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ ശസ്ത്രക്രിയ ചെയ്യുന്നത് ഒരുപക്ഷെ യുകെയില്‍ തന്നെ ആദ്യമാകുമെന്നാണ് കുഞ്ഞിന്റെ അമ്മയായ ബേതന് സിംപ്സണ് പറയുന്നത്.
ബേതന് ഏതാണ്ട് 2 മാസത്തോളം ഇനിയും കാത്തിരിക്കണം പൂര്‍ണ്ണ വളര്‍ച്ചയെത്തി ജനിക്കുന്ന തന്റെ പൊന്നോമനയെ കൈയിലെടുക്കാന്‍.
ഗര്‍ഭത്തിന്റെ ഇരുപതാമത്തെ ആഴ്ച്ചയിലെ സാധാരണ സ്കാനിങിനിടെയാണ് ബേതന് തന്റെ കുഞ്ഞിന്റെ തലയ്ക്ക് വേണ്ടത്ര വളര്ച്ചയിച്ചെന്നത് തിരിച്ചറിയുന്നത്.

കുഞ്ഞിന്റെ സ്കാനിങ് റിപ്പോര്‍ട്ട്
ഉടന്‍ തന്നെ ബേതന് ഡോക്ടറോട് വിവരം പറഞ്ഞു തുടര്‍ന്ന് നടന്ന പരിശോധനയ്ക്കിടെയാണ് കുഞ്ഞിന് ഗര്‍ഭസ്ഥ ശിശുക്കളില്‍ കണ്ടുവരുന്ന സ്പൈന ബിഫീഡയാണെന്ന് കണ്ടെത്തുന്നത്.
ബേതനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അബോര്ഷന് നിര്‍ദേശിച്ചു. അബോര്ഷന് തയ്യാരാകാതിരുന്ന ബേതന് മുന്നില്‍ ഡോക്ടര്‍മാര്‍ 3 ഓപ്ഷനുകള്‍ വെച്ചു.
ഒന്നുകില്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുക, കുഞ്ഞിനെ അസുഖത്തോടെ പ്രസവിക്കുക, അതുമല്ലെങ്കില്‍ ഗര്‍ഭസ്ഥാവസ്ഥയില്‍ ഭ്രൂണത്തെ ശസ്ത്രക്രിയ ചെയ്യുക.
ബേണ്‍ഹാം സ്വദേശികളായ 26 കാരി ബേതനും കുടുംബവും ശസ്ത്രക്രിയ തിരഞ്ഞെടുക്കുകയായിരുന്നു. എസ്സെക്സ് ചെംസ്ഫോര്‍ഡിലെ ബ്രൂസ്ഫീല്‍ഡ് ഹോസ്പിറ്റലില്‍ ബേതന് മണിക്കൂറുകളോളം പരിശോധനയിലായിരുന്നു.
ഒടുവില്‍ അമ്മയും കുഞ്ഞും ശസ്ത്രക്രിയക്ക് സജ്ജരാണെന്ന് കണ്ടെത്തിയ ശേഷം മാത്രമാണ് അധികൃതര്‍ ശസ്ത്രക്രിയ നടത്താമെന്ന് സമ്മതിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം അടിവയറിലെ മുറിപ്പാടുമായി ബേതന്
ലണ്ടനിലെ തന്നെ മികച്ച ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ അവര്‍ ബേതന്റെ ഗര്‍ഭപാത്രം തുറന്ന് കുഞ്ഞിന്റെ സുഷ്മനനാഡിയില് ശസ്ത്രക്രിയ നടത്തി നാഡിയുടെ അപാകത പരിഹരിക്കുകയും ചെയ്തു.
വിജയകരമായി പൂര്‍ത്തിയായ ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങളുടെ മകള്‍ ജീവിക്കാന്‍ എത്രത്തോളം അര്‍ഹയാണെന്നും തെളിയിച്ചെന്നും ചരിത്രത്തിന്റെ തന്നെ ഭാഗമായെന്നും ബേതന് പറയുന്നു.

ശസ്ത്രക്രിയ വിജയമായതറിയിച്ചുകൊണ്ട് ബേതന് പങ്കുവച്ച ചിത്രം
ബേതന് പറയുന്നത് ലണ്ടനില്‍ കുഞ്ഞുങ്ങളില്‍ ഇത്തരമൊരു രോഗാവസ്ഥ കണ്ടെത്തിയാല്‍ 80% കുഞ്ഞുങ്ങളെയും അബോര്‍ട്ട് ചെയ്യാറാണ് പതിവെന്നാണ്.
ഇത്തരം രോഗാവസ്ഥയുള്ള കുഞ്ഞുങ്ങള്‍ക്ക് ഏവരെയും പോലെ ജീവിക്കാനുള്ള കരുത്തുണ്ടെന്നും ഈ രോഗാവസ്ഥയെ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തും മുന്‍പ് മാതാപിതാക്കള്‍ പലകുറി ചിന്തിക്കണമെന്നുമാണ് തന്റെ മകളുടെ അതിജീവനത്തിലൂടെ ബേതന് പറയാന്‍ ആഗ്രഹിക്കുന്നത്.
ഗര്‍ഭാവസ്ഥയുടെ 19-ാമത്തെ ആഴ്ച്ച മുതല്‍ 25 വരെയുള്ള ആഴ്ച്ചയ്ക്കിടയിലാണ് സ്പൈനല്‍ കോഡിനെ ബാധിക്കുന്ന സ്പെെന ബിഫീഡ എന്ന രോഗാവസ്ഥ കണ്ടെത്താറുള്ളത്.
സുഷ്മന നാഡിയില്‍ വിടവുകളും സ്ഥാനചലനവും ഉണ്ടാകുന്നതാണ് രോഗാവസ്ഥ. യുകെയില്‍ 1000 ല്‍ ഒരു കുഞ്ഞ് ഈ രോഗാവസ്ഥയോടെയാണ് ജനിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.
മിക്ക കേസുകളിലും കുഞ്ഞിന്റെ ജനനശേഷമാണ് ശസ്ത്രക്രിയ നടത്താറുള്ളത്.
