കൊച്ചി: ചാരുഹാസനെ മലയാളികള്‍ക്ക് പരിചയം ചലച്ചിത്ര നടനെന്ന നിലയിലാണ്. പിന്നെ ഏറെ പ്രശസ്തനായ കമലഹാസന്റെ ജ്യേഷ്ഠനായും പ്രിയനടി സുഹാസിനിയുടെ പിതാവായും. കൊച്ചിയില്‍ നടന്നുവരുന്ന കൃതി പുസ്തകോല്‍സവത്തിലെ സംവാദ വേദിയില്‍ ചാരുഹാസന്‍ മനസ്സു തുറന്നു.

കമലഹാസന്‍ നിരീശ്വരവാദിയായിട്ടുണ്ടെങ്കില്‍ അത് തന്റെ സ്വാധീനത്തില്‍ സംഭവിച്ചാതാകാമെന്ന് ചാരുഹാസന്‍ പറഞ്ഞു. തന്നേക്കാള്‍ 24 വര്‍ഷം ഇളയതാണ് കമല്‍. അപ്പോള്‍ ആ സ്വാധീനം വലുതാകുമല്ലൊ. ഈശ്വരവിശ്വാസവും നിരീശ്വരവാദവുമെല്ലാം കുട്ടിക്കാലം മുതലേ ആരംഭിക്കുന്ന ഇത്തരം സ്വാധീനങ്ങളുടേയും ബന്ധങ്ങളുടേയും മാത്രം ഫലമാണ്.

ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ നിരീശ്വരവാദം പ്രചരിപ്പിക്കാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടാകണം. ഇനി ഒരിക്കല്‍ ദൈവം വന്ന് ചാരുഹാസന്‍, ദേ, ഞാന്‍ ദൈവമാണ് എന്നു പറഞ്ഞ് മുന്നില്‍ നിന്നാല്‍ ഞാന്‍ ആ ദൈവത്തിന്റെ കാല്‍ക്കല്‍ വീഴാം.

നിങ്ങളെന്തുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞത്? നിങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ട്. മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സിനിമാ തീയേറ്ററുകളിലേയ്ക്കായിരുന്നു പോയത്. ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ 3000 തീയറ്ററുകളുണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നോര്‍ക്കണം.

രാജ്യത്തെ 10%ല്‍ താഴെ എണ്ണം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30% തീയറ്ററുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ പൊതുവേ ഇത് കൂടുതലായിരുന്നു. കേരളത്തില്‍ 1200, കര്‍ണാടകത്തില്‍ 1400. ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്‌കൂളില്‍പ്പോയി.

തമിഴ്‌നാട്ടുകാര്‍ വികാരത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാല്‍ കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നതെന്നും ചാരുഹാസന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ മിക്കവാറും എല്ലാ താരങ്ങളുടേയും മുകളിലാണ് മമ്മൂട്ടിയുടേുയം മോഹന്‍ലാലിന്റേയും സ്ഥാനം. മലയാള സിനിമയും തമിഴ് സിനിമയേക്കാള്‍ ഏറെ മികച്ചതാണെന്നും ഒരു ചോദ്യത്തിനുത്തരമായി ചാരുഹാസന്‍ പറഞ്ഞു