ബംഗളൂരു: സിനിമാ താരവും പൊതുപ്രവര്‍ത്തകനുമായ പ്രകാശ് രാജ് ബംഗളൂരുവിലെ സിപിഐഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ ഇഎംഎസ് ഭവന്‍ സന്ദര്‍ശിച്ചു.

പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം ബേബി, സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരുമായി ചര്‍ച്ച നടത്തി.

ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി അതിശക്തമായ നിലപാടെടുത്ത കലാകാരനാണ് പ്രകാശ് രാജെന്ന് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ എംഎ ബേബി പറഞ്ഞു.

പത്രാധിപയും എഴുത്തുകാരിയുമായ ഗൌരി ലങ്കേഷിന്റെ നിഷ്ഠൂര വധത്തിന് ശേഷം പ്രകാശ് രാജ് ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്.

ബിജെപിയെ തോല്‍പിക്കാന്‍ ഇന്ത്യയിലെ മതേതര ശക്തികളെല്ലാം യോജിക്കണമെന്ന അഭിപ്രായക്കാരനുമാണ് പ്രകാശരാജ്.

ഇടതുപക്ഷത്തോട് പ്രത്യേക ബന്ധം പുലര്‍ത്തുന്ന അദ്ദേഹം ബംഗളുരു സെന്‍ട്രലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകാലമായി ജയിക്കുന്ന സീറ്റാണിതെന്നും ബേബി പറഞ്ഞു.