ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ അറുനൂറാം മത്സരത്തില്‍ അയാക്സിനെതിരെ ജയവുമായി ചാംപ്യൻസ് ലീഗ്.  പ്രീക്വാർട്ടറിന്‍റെ ആദ്യ പാദത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് വാറിലൂടെ അയാക്സിന് ഗോൾ നിഷേധിക്കപ്പെട്ട മൽസരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്‍റെ വിജയം. സ്വന്തം മൈതാനത്ത് ബൊറൂസിയ ഡോർട്മുണ്ടിനെ നേരിട്ട ടോട്ടനം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ചുകയറി.

ആദ്യപകുതിയിൽ റയലിനെ നിഷ്പ്രഭരാക്കി കളം നിറഞ്ഞ അയാക്സിന്, നിർഭാഗ്യം കൊണ്ടുകൂടിയാണ് സ്വന്തം മൈതാനത്ത് തോൽവി വഴങ്ങേണ്ടി വന്നത്.

നിക്കോള ടഗ്ലിയാഫിക്കോ അയാക്സിനായി ഹെഡറിലൂടെ നേടിയ ഗോൾ റഫറി വിഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായത്തോടെ ഓഫ് സൈഡാണെന്ന് കാട്ടി നിഷേധിച്ചിരുന്നു.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം അറുപതാം മിനിട്ടില്‍ കരിം ബെൻസേമ റയലിനെ മുന്നിലെത്തിച്ചെു.

വിനീഷ്യസ് ജൂനിയറിന്‍റെ പാസ് മനോഹരമായൊരു സ്‌ട്രൈക്കിലൂടെ ബെന്‍സേമ വലയിലെത്തിക്കുകയായിരുന്നു. 15 മിനിട്ടിന് ശേഷം ഹക്കിം സിയെച്ചിലൂടെ അയാക്സ് ഗോള്‍ മടക്കി.

കളിയുടെ അവസാന നിമിഷത്തില്‍ മാർക്കോ അസെൻസിയോയാണ് റയലിന്‍റെ വിജയഗോള്‍ കണ്ടെത്തിയത്.

മറ്റൊരു മത്സരത്തില്‍ ആദ്യപകുതിയിലെ താരതമ്യേന നിരാശാജനകമായ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിലെ ഉജ്വല നീക്കങ്ങളിലൂടെ ടോട്ടനം ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ ഞെട്ടിച്ചു.

സ്വന്തം മൈതാനത്തെ ആദ്യപാദ വിജയം ടോട്ടനം ആഘോഷമാക്കിയത് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു. രണ്ടാം പകുതിയില്‍ സൺ ഹ്യൂങ് മിൻ (47), യാൻ വെർട്ടോംഗൻ (83), ഫെർണാണ്ടോ ലൊറന്‍റെ (86) എന്നിവരാണ് ഗോളുകൾ നേടിയത്.