സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

കോട്ടയം: ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെചൊല്ലി കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി.

പാര്‍ട്ടിയില്‍ സീറ്റു ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും രണ്ടാമത്തെ സീറ്റാണ് ജോസഫ് വിഭാഗത്തിനായി ചോദിക്കുന്നത് എന്ന ധാരണ വേണ്ടെന്നും മോന്‍സ് ജോസഫ്.

കേരളാ കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും കോട്ടയം ലോക്സഭാ സീറ്റില്‍ നിഷാ ജോസ് കെ മാണി, സ്റ്റീഫന്‍ ജോര്‍ജ്, തോമസ് ചാഴിക്കാടന്‍, പ്രിന്‍സ് ലൂക്കോസ് എന്നിവരെയാണ് മാണി വിഭാഗം പരിഗണിക്കുന്നത്.

ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ പേര്‍ ആദ്യം ഉയര്‍ന്നപ്പോള്‍ ജോസഫ് വിഭാഗം കലാപക്കൊടി ഉയര്‍ത്തിയതോടെ മാണി വിഭാഗത്തിന്റെ ചര്‍ച്ചകള്‍ ഒതുക്കത്തിലായി.

ഒടുവില്‍ സ്റ്റീഫന്‍ ജോര്‍ജിന് പ്രഥമ പരിഗണന നല്‍കുന്നുവെന്ന രഹസ്യം പരസ്യമായതോടെ മോന്‍സ് ജോസഫ് രംഗത്തെത്തി. സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ച പാര്‍ട്ടിയില്‍ തുടങ്ങിയിട്ടില്ലെന്നും രണ്ടാമത്തെ സീറ്റാണ് ജോസഫ് വിഭാഗത്തിനായി ചോദിക്കുന്നത് എന്ന ധാരണ വേണ്ടെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

രണ്ടുസീറ്റ് ആവശ്യമുന്നയിച്ച പിജെ ജോസഫിന്റെ് വാദം അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാണിയും ജോസ് കെ മാണിയും. ജോസഫ് പാര്‍ട്ടി വിട്ട് പോകാതിരിക്കാന്‍ സഭാപിതാക്കന്മാരുമായി മാണി നേരത്തെ ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ കോട്ടയത്ത് സീറ്റ് പ്രഖ്യാപിക്കുന്നതില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ രഹസ്യനീക്കങ്ങള്‍ നടത്തുന്നതാണ് പരസ്യമായ അഭിപ്രായപ്രകടത്തിന് ജോസഫ് വിഭാഗത്തെ പ്രേരിപ്പിച്ചത്.

അതേസമയം, പി ജെ ജോസഫിന് കോട്ടയം സീറ്റില്‍ താത്പര്യമുണ്ടെന്ന കാര്യം പരസ്യപ്പെടുത്തുന്നത് കൂടിയായിരുന്നു മോന്‍സ് ജോസഫിന്റെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News