പ്രണയദിനത്തില്‍ ഐ.എ.എസ് പ്രണയം സഫലമായപ്പോള്‍; കോഴിക്കോട് സാക്ഷ്യം വഹിച്ചത് കര്‍ണ്ണാടക ജില്ലാ കളക്ടറുടെ കല്ല്യാണത്തിന്

പ്രണയദിനത്തില്‍ ഐ എ എസ് പ്രണയം സഫലമായി. കോഴിക്കോട് നടന്ന ചടങ്ങിലാണ് കര്‍ണ്ണാടക ദാവന്‍ഗരെ ജില്ലാ കളക്ടറും, ജില്ലാ പഞ്ചായത്ത് സി ഇ ഒ യും വിവാഹിതരായത്. മലയാളിയായ അശ്വതി സെലുരാജിന് വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം മിന്നുകെട്ടി.

ഒരു ഐ എ എസ് പ്രണയ വിവാഹത്തിനാണ് പ്രണയ ദിനം കോഴിക്കോട് ടാഗോര്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. കര്‍ണ്ണാടക ദാവന്‍ഗരെ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കോഴിക്കോട് സ്വദേശിനിയുമായ അശ്വതി സെലുരാജിന് ദാവന്‍ഗരെ കലക്ടര്‍ ബഗാഡി ഗൗതം താലിചാര്‍ത്തി.

ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ ബഗാഡി ഗൗതം സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ അശ്വതിയുടെ സീനിയറായിരുന്നു. ഗൗതം 2009 ബാച്ചുകാരനും അശ്വതി 2013 ബാച്ചിലെ ഐ എ എസു കാരിയും. നാലര വര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഇരുവരുടേയും ഐ എ എസ് സുഹൃത്തുക്കളും വിവാഹത്തിനെത്തി.

ദാവന്‍ഗരെ ജില്ലയുടെ മുഖഛായ മാറ്റിയ ഉദ്യോഗസ്ഥ ആയാണ് അശ്വതി അറിയപ്പെടുന്നത്. കുടിവെള്ളമില്ലാത്ത ജില്ലയിലെ ഓരോ വീട്ടിലും ദിവസം 22 ലിറ്റര്‍ കുടിവെള്ളമെത്തിച്ച ഉദ്യോഗസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നീ 29 വകുപ്പുകളുടെ ചുമതലയുള്ള ഓഫീസര്‍. കോഴിക്കോട് ചേവായൂരിലെ ടി ബി സെലുരാജ് പുഷ്പ ദമ്പതികളുടെ മകളാണ് അശ്വതി സെലുരാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel