ഋതുവായ പെണ്ണിനും ഹരിനാമകീര്‍ത്തനം ചൊല്ലാം എന്നു പാടിയ എഴുത്തച്ഛനില്‍നിന്ന് നാം എത്ര പിന്നോട്ട് പോയെന്നാണ് ശബരിമല വിവാദം ഓര്‍മിപ്പിക്കുന്നത്: കവി സച്ചിദാനന്ദന്‍

ഋതുവായ പെണ്ണിനും ഹരിനാമകീര്‍ത്തനം ചൊല്ലാം എന്നു പാടിയ എഴുത്തച്ഛനില്‍നിന്ന് നാം എത്ര പിന്നോട്ട് പോയെന്നാണ് ശബരിമല വിവാദം ഓര്‍മിപ്പിക്കുന്നതെന്ന് കവി സച്ചിദാനന്ദന്‍. കൃതി വിജ്ഞാനോല്‍സവില്‍ കവിതതയും പ്രതിരോധവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിനു മുന്നില്‍ സത്യം വിളിച്ചുപറയുകയെന്നതാവണം സാഹിത്യ, കലാ, മാധ്യമ രംഗങ്ങളിലുള്ളവരുടെ ലക്ഷ്യമെന്നും എന്നാല്‍ അങ്ങനെ ചെയ്യുന്നവര്‍ ജയിലിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണിന്നെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഗൗരി ലങ്കേഷും എംഎം കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും. നരേന്ദ്ര ധബോല്‍ക്കറുമടക്കമുള്ളവര്‍ സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെട്ടവരാണ്.

ഗാന്ധി പ്രതിമക്ക് നേരേ നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ടത്. അധികാരത്തോട് സത്യം വിളിച്ചു പറയുക എന്നത് എളുപ്പമായ അവസ്ഥയല്ല ഇന്നുള്ളത്. എന്നാല്‍ സത്യം വിളിച്ചു പറയുക എന്നത് തന്നെയാവണം സാഹിത്യത്തിന്റെ കര്‍ത്തവ്യം. സത്യം പറയുകയാണ് കവിയുടെ ധര്‍മം.

അങ്ങനെ ചെയ്യുന്നതിലൂടെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടിവരികയും ഒറ്റപ്പെടുകയും ചെയ്യും. സത്യം പറയുമ്പോള്‍ ആരും കൂട്ടിനുണ്ടായെന്ന് വരില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ആത്മീയതയുമായി ബന്ധമില്ലാത്ത ആചാരങ്ങളെ തിരിച്ചു പിടിക്കുന്നതിനു പകരം ചോദ്യം ചെയ്യലിന്റെ പാരമ്പര്യം തിരിച്ചുപിടിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here