അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ തിരിച്ചുപോയത് ഒമ്പതാം തിയതി; സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേറ്റത് മരണത്തിന്റെ മടിത്തട്ടിലേക്കെന്ന് അറിയാതെ

വൈത്തിരി: പുല്‍വാമയില്‍ 39 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം മുഴുവനും. അതിന്റെ ഞെട്ടല്‍ ആരില്‍ നിന്നും ഇതുവരെ മാറിയിട്ടില്ല. കൊല്ലപ്പെട്ട സൈനികരില്‍ വയനാട് സ്വദേശി വി വി വസന്തകുമാര്‍ എന്ന മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയ വൈത്തിരി പൂക്കോട് കുന്നത്തിടവക വാഴകണ്ടി വീട്ടില്‍ പരേതനായ വാസുദേവന്റെ മകന്‍ വി വി വസന്തകുമാര്‍ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്.

2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് വസന്തകുമാര്‍ ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.

ഇതിനിടെയാണ് ബറ്റാലിയന്‍ മാറ്റം ലഭിച്ചത്. ഷീനയാണ് ഭാര്യ. അമ്യത് ദീപ് (5), അനാമിക (8) എന്നിവര്‍ മക്കളാണ്. അമ്മ: ശാന്ത. അച്ഛന്‍ മരിച്ച് ഏകദേശം എട്ട് മാസം ആകുന്നതിന് മുമ്പാണ് വസന്തകുമാറിന്റെ വേര്‍പാട്.

ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവുംവലിയ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം തീവ്രവാദി ഓടിച്ചുകയറ്റുകയായിരുന്നു.

വന്‍ സ്‌ഫോടനവും കൂട്ടക്കൊലയുമാണ് ആസൂത്രണം ചെയ്തതെന്ന് വ്യക്തം. ജമ്മൂവില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പുറപ്പെട്ടത് 78 സൈനികവാഹനങ്ങളാണ്. ആക്രമണത്തില്‍ രണ്ട് സൈനിക ബസും കാറും പൂര്‍ണമായും തകര്‍ന്നു. സംഘത്തില്‍ 2547 ജവാന്മാരുണ്ടായിരുന്നു. 2016 ലെ ഉറി ആക്രമണത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.

പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദ് എന്നയാളാണ് വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ജയ്‌ഷെ മുഹമ്മദിന്റെ വക്താവും ആത്മഹത്യാ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടയാളുമാണെന്നാണ് പ്രാഥമിക വിവരം. അതീവശേഷിയുള്ള സ്‌ഫോടകവസ്തുവാണ് കാറില്‍ ഘടിപ്പിച്ചത്. സൈനികരുടെ വാഹനം വരുന്ന സമയംവരെ കാത്തിരുന്ന് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. സിആര്‍പിഎഫ് ഉന്നത മേധാവികള്‍ സഞ്ചരിച്ച വാഹനമാണ് ഭീകരര്‍ ലക്ഷ്യമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here