മേല്‍ക്കൂര പണിയാന്‍ മിസൈലുകള്‍; 1,200 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന റോക്കറ്റുകൊണ്ട് ഭിത്തികള്‍; സ്‌ഫോടനം കാത്തിരിക്കുന്ന ഗ്രാമത്തിന്റെ വീഡിയോ കാണാം

മിസൈലുകളും റോക്കറ്റുകളും സൂക്ഷിക്കുന്ന മുറികളില്‍ പകലന്തിയോളം താമസിക്കുന്ന, ഉറങ്ങാന്‍ നിര്‍ബന്ധിതരായ ഗ്രാമവാസികളെ കാണണോ? ആയുധപ്പുരകള്‍ക്ക് അടുത്തെത്തുമ്പോള്‍ തന്നെ പേടിച്ച് മരിക്കുമെന്നുറപ്പുള്ള സമൂഹത്തിന് മുന്നില്‍ അഫ്ഗാനിസ്ഥാനിലെ ഈ ഗ്രാമവാസികള്‍ നല്‍കുന്നത് മറ്റൊരു ഉത്തരം.

ധീരന്‍മാരായതുകൊണ്ടല്ല മിസൈലുകള്‍ക്കും റോക്കറ്റുകള്‍ക്കും നടുവില്‍ അവര്‍ ജീവിക്കുന്നത്. യുദ്ധം തകര്‍ത്ത അഫ്ഗാനിലെ ക്വെസീലാബാദിലെ ഈ ജനത്തിന് താമസിക്കാന്‍ മറ്റൊരു സ്ഥലമില്ല, ഗൃഹ നിര്‍മാണത്തിന് ലഭിക്കുന്ന വസ്തുക്കള്‍ സൈന്യം ഉപേക്ഷിച്ച ഇത്തരം ആയുധങ്ങള്‍ മാത്രം.

ആകെ നനഞ്ഞാല്‍ കുളിരില്ലെന്നാണ് പഴഞ്ചൊല്ല്. പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധം ഇവരെ ജീവനില്‍ പേടിയില്ലാത്തവരാക്കിയിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ മരണത്തിനും വേണ്ടാത്തവര്‍ താമസിക്കുന്ന ഗ്രാമം.

യുദ്ധം എല്ലാം നശിപ്പിച്ച ക്വെസീലാബാദില്‍ വീടുവയ്ക്കാന്‍ മരമോ കല്ലോ ഒന്നുമില്ല. ലഭ്യമായത് മിസൈലുകളും റോക്കറ്റുകളും മാത്രം. ഏതുസമയത്തും പൊട്ടാവുന്നതും ഉപയോഗ ശൂന്യവുമായ മിസൈലുകളും റോക്കറ്റുകളും അങ്ങനെ ഗ്രാമവാസികളുടെ വീടുകളുടെ മേല്‍ക്കൂരയും ഭിത്തികളുമായി.

റോക്കറ്റുകള്‍ ഇവിടെ വീടുകളുടെ തൂണുകളാണ്. ചിലയിടങ്ങളില്‍ കുറ്റിയും കൊളുത്തുകളും ഇല്ലാത്ത വാതലുകള്‍ക്കുള്ള പൂട്ടുകളാണ്. മുന്തിരിത്തോട്ടത്തിലെ പന്തലിന് കാലായും, ചെറുപാലങ്ങളായായും വിലയില്ലാതെ ലഭിക്കുന്ന നിര്‍മാണ വസ്തുവായ റോക്കറ്റുകള്‍ ഉപയോഗിക്കുന്നു. ഒരു വീട്ടില്‍ മാത്രം കണ്ടെത്തിയത് 26 റോക്കറ്റുകളാണ്. 1,200 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇതില്‍ മാത്രമുള്ളത്. ഈ ഗ്രാമത്തെ അപ്പാടെ നശിപ്പിക്കാന്‍ ഈ റോക്കറ്റുകള്‍ക്ക് കഴിയും.

ഒരു വീടിന്റെ മേല്‍ക്കൂര പണിതിരിക്കുന്നത് ഏഴ് മിസൈലുകള്‍ കൊണ്ടാണ്. വളരെ കുറഞ്ഞ ചെലവില്‍ ലഭ്യമായ ഈ യുദ്ധാവശിഷ്ടങ്ങളുടെ ഉപയോഗത്തിലെ അപകടത്തെക്കുറിച്ച് ഗ്രാമീണര്‍ തിരിച്ചറിഞ്ഞത് ഈയിടെയാണ്. അതോടെ അധികൃതരുടെ സഹകരണത്തോടെ ഇത്തരം ആയുധങ്ങള്‍ നീക്കം ചെയ്തുതുടങ്ങി. അതിര്‍ത്തിക്ക് സമീപമെത്തിച്ച സ്‌ഫോടക വസ്തുക്കള്‍ നീര്‍വീര്യമാക്കുന്ന പദ്ധതി ഇപ്പോള്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here