ബി ജെ പി സ്ഥാനാർത്ഥി പട്ടിക; സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂക്ഷം

ബി ജെ പി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിൽ ഉടലെടുത്ത ഭിന്നത രൂക്ഷമായി. കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ നിന്ന് വി മുരളീധര പക്ഷം വിട്ടുനിന്നു.

ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ളതായി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതാക്കളെ അറിയിച്ചു.

അതേസമയം പ്രശ്നം സങ്കീർണ്ണമായതോടെ താൻ പട്ടികയല്ല കേന്ദ്ര നേതൃത്വത്തിന് കൈമാറിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മലക്കം മറിഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള കേന്ദ്ര നേതൃത്വത്തിന് കൈമാറിയ സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയാണ് പാർട്ടിയിൽ കലഹം രൂക്ഷമായിരിക്കുന്നത്.

പട്ടികയോട് ശക്തമായ എതിർപ്പുള്ള വി മുരളീധരപക്ഷത്തെ നേതാക്കൾ കൊച്ചിയിലെ കോർ കമ്മിറ്റിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

മുരളീധരനെക്കൂടാതെ കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ എന്നിവരാണ് യോഗത്തിനെത്താതിരുന്നത്.

തെരഞ്ഞെടുപ്പ് സമിതിയിലൊ കോർ കമ്മിറ്റിയിലോ ചർച്ച ചെയ്യാതെ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി സ്ഥാനാർത്ഥി പട്ടിക കൈമാറിയതാണ് മുരളീധരപക്ഷ നേതാക്കളെ ചൊടിപ്പിച്ചത്.

കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരുടെ സാധ്യത ഇല്ലാതാക്കാനാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയതെന്നാണ് ആക്ഷേപം.

സംഭവം വിവാദമായ സാഹചര്യത്തിൽ പട്ടിക കൈമാറിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ദേശീയ നേതൃത്വമാണ് എല്ലാം തീരുമാനിക്കുന്നതെന്നുമുള്ള വിശദീകരണത്തോടെ മാധ്യമങ്ങൾക്ക് മുന്നിൽ ശ്രീധരൻപിള്ള മലക്കം മറിഞ്ഞു.

അതേസമയം പട്ടികയോട് വിയോജിപ്പുള്ള PK കൃഷ്ണദാസ് പക്ഷം യോഗത്തിൽ പങ്കെടുത്തു.

ഈ വിഷയത്തിൽ നേതാക്കളുടെ ഭിന്നിപ്പ് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ളതായി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതാക്കളെ അറിയിച്ചു.

പ്രശ്നങ്ങൾ സങ്കീർണ്ണമാക്കാതെ രമ്യമായി പരിഹരിക്കാനാണ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് കോർ കമ്മിറ്റിയിൽ പങ്കെടുത്ത മുരളീധര റാവു സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News