ശബരിമലയുടെ പേരില്‍ നുണപ്രചരണവുമായി ഇറങ്ങിയവര്‍ക്ക് ബഹുജനങ്ങളാകെ നല്‍കിയ മുഖത്തടിച്ചുള്ള രണ്ടാമത്തെ അടിയാണ് ഇന്ന് പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം.

വിധിക്ക് ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിലും ബിജെപിക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. സ്ത്രീപ്രവേശനത്തിനെതിരെ കലാപം നടത്തിയും സ്ത്രീകളെ ആക്രമിച്ചും കേരളത്തെ ഭയപ്പെടുത്തിയ ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണിത് എന്ന് വ്യക്തം.

കുപ്രചരണവുമായി വോട്ട് പിടിക്കാന്‍ ഇറങ്ങിയ ബിജെപിയുടെ തീവ്രഹിന്ദുത്വ തന്ത്രങ്ങളും അപ്പാടെ പാളി. വിശ്വാസികളെന്ന മേലങ്കിയണിഞ്ഞ് ബിജെപിയും യുഡിഎഫും നടത്തിയ സമരകോലാഹലങ്ങള്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്ന് വീണ്ടും തെളിഞ്ഞു.

ശബരിമല വിധിക്ക് പിന്നാലെ നവംമ്പറില്‍ എത്തിയ ആദ്യ ഉപതെരഞ്ഞെടുപ്പില്‍ 22 സീറ്റുകള്‍ ആണ് എല്‍ഡിഎഫ് നേടിയത്. ഇതില്‍ ശബരിമല വിഷയം ആളിക്കത്തിച്ച പത്തനംതിട്ടയില്‍ ബിജെപിക്ക് ഒരിടത്ത് കിട്ടിയത് ഏഴ് വോട്ട്. മറ്റൊരിടത്ത് 12 വോട്ട്.

മാസങ്ങള്‍ക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയും വ്യത്യസ്തമല്ല.

ശബരിമലയുടെ പേരില്‍ ഇടതുപക്ഷത്തിനെതിരെ കുപ്രചരണങ്ങള്‍ മാത്രമായിരുന്നു ഇക്കുറിയും യുഡിഎഫിന്റെയും ബിജെപിയുടെയും ആയുധം.

12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 16 ഇടത്തും മികച്ച വിജയം നേടി എല്‍ഡിഎഫ് മുന്നിട്ട് നിന്നു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിക്ക് ഒരിടത്തുപോലും വിജയിക്കാനായില്ല.

ആലപ്പുഴയിലെ കൈനകരിയില്‍ പ്രചാരണത്തിനെത്തിയത് ബിജെപി സംസ്ഥാന സെക്രട്ടറി എന്‍ രാധാകൃഷ്ണനടക്കം ആണ്. അവിടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് വിജയിച്ചത്.