മലപ്പുറത്തും എറണാകുളത്തും അട്ടിമറി വിജയവുമായി എല്‍ഡിഎഫ് – Kairalinewsonline.com
DontMiss

മലപ്പുറത്തും എറണാകുളത്തും അട്ടിമറി വിജയവുമായി എല്‍ഡിഎഫ്

മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു

12 ജില്ലയിലായി നടന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തും മലപ്പുറത്തും എല്‍ഡിഎഫിന് അട്ടിമറി വിജയം, ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് ഭരണം എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു.

കൊച്ചി നഗരസഭയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കാലങ്ങളായി യുഡിഎഫ് വിജയിക്കുന്ന വാര്‍ഡാണിത്.

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വൈറ്റില ജനത വാര്‍ഡിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. എല്‍ഡിഎഫിന്റെ ബൈജു തോട്ടാളിയാണ് അട്ടിമറി വിജയത്തിന് നേതൃത്വം നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. പുറത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ഒ ബാബുരാജ് 265 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

യുഡിഎഫിന്റെ സിറ്റിങ് സീറ്റിലെ ജയത്തോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫ് അംഗം ടി പി അശോകന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണസമിതി ഭരണം നടത്തിയിരുന്നത്. ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.

To Top