ശബരിമല വിഷയം മുന്‍നിര്‍ത്തി തദ്ദേശ ഉപതെരഞ്ഞടുപ്പില്‍ വന്‍തിരിച്ചടി ആകുമെന്ന പ്രചാരണം അസ്ഥാനത്താനത്താക്കുന്നതാണ് ജനങ്ങള്‍ എല്‍ ഡി എഫിന് നല്‍കിയ മികച്ച വിജയം.

സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിന് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനൊപ്പമാണ് ജനങ്ങള്‍ എന്നത് ഫലം പുറത്തു വന്നതോടെ കൂടുതല്‍ വ്യക്തമായി.

കുപ്രചരണവുമായി വോട്ട് പിടിക്കാന്‍ ഇറങ്ങിയ ബിജെപിയുടെ തീവ്രഹിന്ദുത്വവും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ തന്ത്രങ്ങളും ഇതോടെ പാളി. .

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുറപ്പെടുവിപ്പിച്ച ശേഷം സംസ്ഥാനമാകെ സംഘപരിവാര്‍ കലാപം അഴിച്ചുവിട്ട സമയത്താണ് കഴിഞ്ഞ നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലും എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടിയിരുന്നു. ഇതില്‍ ആറ് സീറ്റുകള്‍ യുഡിഎഫില്‍ നിന്നും ഒരു സീറ്റ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തതുമാണ്.

ഇതില്‍ ശബരിമല വിഷയം ആളിക്കത്തിച്ച പത്തനംതിട്ടയിലെ രണ്ട് മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം മാത്രം മതി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദയനീയാവസ്ഥ മനസിലാക്കാന്‍.

ബിജെപിക്ക് ഒരിടത്ത് കിട്ടിയത് ഏഴ് വോട്ട്. മറ്റൊരിടത്ത് 12 വോട്ട്. ബിജെപിയുടെ നാമജപ സമരകേന്ദ്രങ്ങളും, ബിജെപിക്കൊപ്പം കൊടിപിടിക്കാതെ പോയ കോണ്‍ഗ്രസിന്റെ സ്വാധീനകേന്ദ്രങ്ങളും ഇരുപാര്‍ട്ടികളേയും കൈവിട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയും വ്യത്യസ്തമല്ല. ശബരിമലയുടെ പേരില്‍ ഇടതുപക്ഷത്തിനെതിരെ കുപ്രചരണങ്ങള്‍ മാത്രമായിരുന്നു ഇക്കുറിയും യുഡിഎഫിന്റെയും ബിജെപിയുടെയും ആയുധം.

എന്നാല്‍ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 16 ഇടത്തും മികച്ച വിജയം നേടി എല്‍ഡിഎഫ് മുന്നിട്ട് നിന്നു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിക്ക് ഒരിടത്തുപോലും വിജയിക്കാനായില്ല എന്നതും ശ്രദ്ധേയം.

ശബരിമല വിഷയം ഏറെ ചര്‍ച്ചയായ റാന്നിയിലെ പുതുശേരിമല പടിഞ്ഞാറ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തിളക്കമാര്‍ന്ന വിജയം നേടി. എല്‍ഡിഎഫിലെ ആര്‍ സുധാകുമാരിയാണ് 55 വോട്ടിന്റെ ഭൂരിപക്ഷം നേടി ജയിച്ചുകയറിയത്.

ആകെ പോള്‍ ചെയ്ത 752 വോട്ടില്‍ സുധാകുമാരി 353 നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ ബി പ്രസന്നകുമാരി 298 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിലെ വി എസ് രജനിക്ക് 101 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനടക്കം നേരിട്ടെത്തി പ്രചരണം നടത്തിയ സ്ഥലമാണ് ആലപ്പുഴയിലെ കൈനകരി പഞ്ചായത്തിലെ ഭജനമഠം വാര്‍ഡ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഇവിടെ ഉജജ്വല വിജയം കരസ്ഥമാക്കി.

492 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബീന വിനോദിന് ലഭിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഇവിടെ യുഡിഎഫിന് ലഭിച്ചതാകട്ടെ വെറും 51 വോട്ട് മാത്രം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനും ബിജെപിക്കും ജനങ്ങള്‍ നല്‍കിയ ഇരുട്ടടിയാണ് ഉപതെരഞ്ഞെടുപ്പു ഫലം. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച അംഗീകാരം കൂടിയായി മാറി ഫലം.