മോദി ഭരണത്തില്‍ നേട്ടമുണ്ടാക്കിയത് കോര്‍പറേറ്റുകളാണ്; ആ നയത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ളതാണ് മോദി സര്‍ക്കാരിന്റെ പുതിയ ബജറ്റ് – എളമരം കരീമിന്റെ വിശകലനം…

2019 ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് പൂര്‍ണ ബജറ്റിന് സമാനമായിരുന്നു. കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള ഒരു സര്‍ക്കാര്‍ അവതരിപ്പിക്കേണ്ട ഇടക്കാല ബജറ്റിന്റെ സ്വഭാവത്തില്‍നിന്ന് മാറി ബിജെപി സര്‍ക്കാര്‍ എല്ലാ കാര്യത്തിലും ചെയ്യുന്നതുപോലെ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് നിരക്കാത്തവിധത്തിലാണ് ഇക്കാര്യത്തിലും പെരുമാറിയത്. സുപ്രധാനമായ നയങ്ങളും ഭീമമായ ചെലവു വരുന്ന സാമ്പത്തിക നിര്‍ദേശങ്ങളും നികുതിഘടനയില്‍ കാതലായ മാറ്റങ്ങളും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണ്.

ഭരണഘടനയിലെ എഴുതപ്പെട്ട അധ്യായങ്ങളെപ്പോലെ തന്നെ പ്രബലമാണ് കീഴ്വഴക്കങ്ങളും ഭരണഘടനാ വകുപ്പുകള്‍ക്കനുസൃതമായി നിലനില്‍ക്കുന്ന സങ്കല്‍പ്പങ്ങളും. അതനുസരിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനുള്ള പണം അനുവദിക്കുന്ന ‘വോട്ട് ഓണ്‍ അക്കൗണ്ടാ’ ണ് ഇടക്കാല ബജറ്റ്. 2019 മെയ് 26 വരെ മാത്രമാണ് മോഡി സര്‍ക്കാരിന് കാലാവധിയുള്ളത്.

പുതിയ സാമ്പത്തിക വര്‍ഷം (2019 20) 46 ദിവസം മാത്രമേ മോഡി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമുള്ളൂ. ഈ സാഹചര്യത്തില്‍ 365 ദിവസത്തേക്ക് പ്രാബല്യമുള്ള പുതിയ ബജറ്റ് കാലയളവില്‍ 319 ദിവസവും ഭരണം നടത്തേണ്ടത് മറ്റൊരു സര്‍ക്കാരായതിനാല്‍, ഒരു പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് തികച്ചും അനുചിതമാണ്. വരാന്‍ പോകുന്ന പുതിയ സര്‍ക്കാരിന്റെ കൈകള്‍ക്ക് കൂച്ചുവിലങ്ങിടുന്ന രീതിയാണിത്. ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില ‘ജനപ്രിയ’ നിര്‍ദേശങ്ങള്‍ തുടരണമെങ്കില്‍ അതിനുള്ള വിഭവം കണ്ടെത്തേണ്ടിവരും.

യഥാര്‍ഥ സാമ്പത്തികനില സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് മറച്ചുവച്ചു

പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലെ പല പ്രസ്താവനകളും യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമായി കുറച്ചെന്ന അവകാശവാദം ശരിയല്ലാത്തതാണ്. 201819 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ ജിഎസ്ടിയില്‍നിന്നുള്ള വരുമാനം ഒരു ലക്ഷം കോടി രൂപ കുറഞ്ഞതിനെക്കുറിച്ച് വിശ്വസനീയമായ ഒരു മറുപടിയും ധനമന്ത്രി പറഞ്ഞില്ല. ഈ സാമ്പത്തിക വര്‍ഷം 2018 19 ജിഎസ്ടി വരുമാനവളര്‍ച്ച ആറു ശതമാനമാണെന്നിരിക്കെ, 2019 20ല്‍ അത് 20 ശതമാനം വളരുമെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? അടുത്ത സാമ്പത്തിക വര്‍ഷം നിര്‍ദേശിച്ച ജിഎസ്ടി വരുമാനവളര്‍ച്ച ഉണ്ടായില്ലെങ്കില്‍ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന പദ്ധതികളുടെ ഗതിയെന്താകും?

പൊതുമേഖലാ ഓഹരിവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് ഉപയോഗിക്കുന്ന നയം അനാരോഗ്യകരമായ സാമ്പത്തിക നയമാണ്. പൊതുമേഖലയിലെ ധനം, ആ മേഖലയുടെ വികസനത്തിനായി പുനര്‍നിക്ഷേപം നടത്തുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ, പൊതുമേഖലയുടെ വികസനവും പുതിയ തൊഴില്‍ സൃഷ്ടിയും സാധ്യമാകൂ. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല ബിജെപി സര്‍ക്കാരിന്റെ ധന നയമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് പുതിയ ബജറ്റിന്റെ ഉള്ളടക്കം.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ പുതിയ ബജറ്റ് ശരിയായ നിലയില്‍ സമീപിക്കുന്നില്ല. ബജറ്റിനു മുമ്പ് തലേവര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്നവിധത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഉണ്ടായില്ല എന്നതുകൊണ്ടാണ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതിരുന്നത്. യഥാര്‍ഥ സാമ്പത്തികനില സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് മറച്ചുവച്ചു.

തൊഴിലില്ലായ്മ സംബന്ധിച്ച എന്‍എസ്എസ്ഒ (നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍) റിപ്പോര്‍ട്ട്, സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചില്ല. രാജ്യത്ത് തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡാണ്. ഓരോ വര്‍ഷവും രണ്ടു കോടി വീതം പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2014ല്‍ മോഡി വോട്ടു പിടിച്ചത്. ഭരണത്തില്‍ അത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന വസ്തുത മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത്.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. ഇത് കഴിഞ്ഞ 45 വര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ 2011 12ല്‍ 13.6 ശതമാനമായിരുന്നത് 2017 18ല്‍ 27.2 ശതമാനമായി ഉയര്‍ന്നു. തൊഴില്‍ സൃഷ്ടിക്കാനുതകുന്ന നയമായിരുന്നില്ല മോഡി സര്‍ക്കാരിന്റേത് എന്നാണ് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജിഡിപി വളര്‍ച്ച നിരക്കില്‍ മാത്രമായിരുന്നു സര്‍ക്കാരിന്റെ ഊന്നല്‍.

ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു നിര്‍ദേശവും കേന്ദ്ര ബജറ്റിലില്ല. 2014 മുതലുള്ള ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കുകയെന്ന ലക്ഷ്യത്തോടെ ജനങ്ങളെ കബളിപ്പിക്കുന്ന ഏതാനും പുതിയ ‘പദ്ധതികള്‍’ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്.

രാജ്യത്തിന്റെ സമ്പത്ത് വന്‍കോര്‍പറേറ്റുകള്‍ കൊള്ളയടിച്ചു

മോഡി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്. അഞ്ച് ബജറ്റിലും തൊഴിലാളികളെക്കുറിച്ച് ഒരു പരാമര്‍ശം പോലുമുണ്ടായിരുന്നില്ല. ആറാമത്തെ ബജറ്റില്‍ തൊഴിലാളികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നു. തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് പ്രധാനമാണല്ലോ? ജനുവരി എട്ടിനും ഒമ്പതിനും നടന്ന ഐതിഹാസികമായ ദേശീയ പണിമുടക്കമാണ്, തൊഴിലാളികളെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കഴിഞ്ഞ നാലര വര്‍ഷവും കടുത്ത തൊഴിലാളിദ്രോഹ നടപടികളാണ് ഇവര്‍ സ്വീകരിച്ചത്.

സ്ത്രീവികസനത്തില്‍നിന്ന് ‘സ്ത്രീകള്‍ നയിക്കുന്ന വികസനം’ എന്ന തലത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീസംവരണമെന്ന ആവശ്യം സംബന്ധിച്ച് ഒരക്ഷരം പറയുന്നില്ല. മഹാഭൂരിപക്ഷം സ്ത്രീകള്‍ ജോലി ചെയ്യുന്ന തൊഴിലുറപ്പു പദ്ധതിക്ക് തുക വര്‍ധിപ്പിച്ചില്ല, കൂലിയും വര്‍ധിപ്പിച്ചില്ല. കര്‍ഷകത്തൊഴിലാളികളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്താന്‍ ഒരു നിര്‍ദേശവും ബജറ്റിലില്ല. സ്ത്രീകള്‍ ഭൂരിപക്ഷം വരുന്ന സ്‌കീം വര്‍ക്കേഴ്‌സിനെ ‘തൊഴിലാളികള്‍’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുകയോ, വേതനം ന്യായമായി വര്‍ധിപ്പിക്കുകയോ ചെയ്തില്ല.

നോട്ട് നിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കിയെന്ന ബജറ്റ് പ്രഖ്യാപനം പരിഹാസ്യമാണ്. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് പരസ്യപ്പെടുത്തിയതിലൂടെ മോഡിയുടെ എല്ലാ അവകാശവാദവും പൊളിഞ്ഞു. വിദേശ ബാങ്കുകളില്‍, ഇന്ത്യന്‍ സമ്പന്നര്‍ നിക്ഷേപിച്ച കള്ളപ്പണം രാജ്യത്തെത്തിച്ച്, ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന മോഡി വാഗ്ദാനം വിഴുങ്ങി.

അതെല്ലാം തെരഞ്ഞെടുപ്പുകാലത്തെ പ്രസംഗങ്ങളായി കണക്കാക്കിയാല്‍ മതിയെന്നായിരുന്നു ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പ്രസംഗം. കള്ളപ്പണക്കാരെ തൊടാന്‍ മോഡി ഭരണത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ജനങ്ങളില്‍ ഭൂരിഭാഗവും ദാരിദ്ര്യത്തിന്റെ അടിത്തട്ടിലേക്ക് തള്ളപ്പെടുമ്പോഴും ശതകോടീശ്വരന്മാരുടെ എണ്ണം പെരുകി. രാജ്യത്തെ സമ്പത്ത് വന്‍ കോര്‍പറേറ്റുകള്‍ കൊള്ളയടിച്ചു.

ചുരുക്കത്തില്‍ മോഡി ഭരണത്തില്‍ നേട്ടമുണ്ടാക്കിയവര്‍ കോര്‍പറേറ്റുകളാണ്. ഭൂരിപക്ഷം ജനങ്ങള്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയുംകൊണ്ട് വലഞ്ഞു. പ്രസ്തുത നയത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ളതാണ് മോഡി സര്‍ക്കാരിന്റെ പുതിയ ബജറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News